UPDATES

ട്രെന്‍ഡിങ്ങ്

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലീസ് വാദങ്ങളിൽ അടിമുടി വൈരുദ്ധ്യം, രാജ്കുമാർ പീഡനത്തിന് ഇരയായത് 4 ദിവസം

പൊലീസുകാരുടെ വിശ്രമമുറിയിൽ  ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ എഎസ്ഐയും 2 പൊലീസ് ഡ്രൈവർമാരും ചേർന്നായിരുന്നു മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം.

പീരുമേട് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച ചിട്ടി തട്ടിപ്പ് കേസ് പ്രതിയായിരുന്ന രാജ് കുമാറിന് (49) പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് റിപ്പോർട്ട്. നെടുങ്കണ്ടം പൊലീസ് സറ്റേഷനിലെ വിശ്രമ മുറിയിൽവെച്ചാണ് രാജ് കുമാറിന് ക്രൂര പീഡനമേറ്റത്. ആശുപത്രിയിൽ എത്തുമ്പോൾ രാജ്കുമാർ അവശനായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ഡോക്ടർ മൊഴി നല്കി. 16ന് പുലര്‍ച്ചെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ചത് സ്ട്രക്ച്ചറിലായിരുന്നുവെന്നും നടക്കാനാകാത്ത അവസ്ഥയായിരുന്നുവെന്നും നേരത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. രാജ് കുമാറിനെ മർദ്ദിച്ചതിന് കൂടുതൽ വിവരങ്ങൾ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട്.

നെടുങ്കണ്ടത്തെ പോലീസ് സ്റ്റേഷനിൽ രാജ്കുമാർ 4 ദിവസം ഉണ്ടായിരുന്നു. പൊലീസുകാരുടെ വിശ്രമമുറിയിൽ  ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ എഎസ്ഐയും 2 പൊലീസ് ഡ്രൈവർമാരും ചേർന്നായിരുന്നു മർദ്ദനത്തിന് നേതൃത്വം നൽകിയത്. പീരുമേട് ജയിൽ പ്രവേശിക്കുമ്പോള്‍ തന്നെ അവശ നിലയിലായിരുന്ന പ്രതിക്ക് ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പീരുമേട് ജയിൽ വാർഡനും ഇത് ശരിവയ്ക്കുന്നുണ്ട്. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു ജയിലിലെത്തിച്ചതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാർ പറയുന്നു.

ശരീരത്തിൽ 32 മുറിവുകളാണ് ഉണ്ടായിരുന്നത്, ഏറെയും അരയ്ക്കു താഴെ. ലാത്തി കൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടിയും കാൽ വണ്ണയിൽ അടിച്ചു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നും പീഡിപ്പിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിനിടെ ഉന്നത ഉദ്യോഗസ്ഥൻ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. ഈ ചവിട്ടിലാണ് കുമാർ കുഴഞ്ഞു വീണതെന്നും പറയുന്നു. ഈ ദിവസങ്ങളിൽ സ്റ്റേഷനിൽ നിന്നു രാത്രി നിലവിളി കേട്ടതായി സമീപവാസികളും വെളിപ്പെടുത്തിയതായി മനോരമ റിപ്പോർട്ട് പറയുന്നു.

അതേസമയം, കസ്റ്റഡിമരണം നടന്നതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നതായാണ് വിലയിരുത്തൽ. ജൂൺ  12ന് കസ്റ്റഡിയിലെടുത്ത കുമാറിനെ സ്റ്റേഷനിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.  ആരോഗ്യവാനായി നടന്നാണു വരുന്ന ദ്യശ്യങ്ങളാണിള്ളത്. എന്നാൽ 16ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിനു മുന്നിലേക്കു കൊണ്ടുപോകുന്നതുൾപ്പെടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടില്ല. മർദനം നടക്കുമ്പോഴും സിസിടിവി ഓഫ് ചെയ്തിരുന്നതായണ് നിഗമനം. ∙ ഇടുക്കി മജിസ്ട്രേട്ടിനു മുൻപാകെ 16 ന് പുലർച്ചെ ഹാജരാക്കിയപ്പോൾ, പ്രതി തീർത്തും അവശനായിരുന്നതിനാൽ പൊലീസ് വാഹനത്തിന് അടുത്തെത്തിയാണു റിമാൻഡ് നടപടികൾ മജിസ്ട്രേട്ട് പൂർത്തിയാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദവും പൊളിയുകയാണ്. രാജ്കുമാറിനെ പൊലീസിന് 12ാം തീയ്യതി നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിന് കൈമാറിയതെന്നും അപ്പോള്‍ ആരോഗ്യവാനായിരുന്നുവെന്നും നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് വെളിപ്പെടുത്തുന്നു. 12ആം തീയതി പൊലീസിന് പ്രതി രാജ്കുമാറിനെയും കൂട്ടുപ്രതികളായ മഞ്ജു, ശാലിനി എന്നിവരെയും ഇടുക്കി പുളിയന്‍മലയില്‍വച്ച് കൈമാറിയെന്നാണ് പഞ്ചായത്ത് അംഗം പറയുന്നു. രാജ്കുമാറിന്‍റെ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പിന് ഇരയായ ആളുകളില്‍ ഒരാൾ കൂടിയാണ് പഞ്ചായത്ത് അംഗം.

വത്തിക്കാന്റെ ക്ലീന്‍ ചിറ്റില്‍ സര്‍വ്വശക്തനായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി; എതിര്‍ ശബ്ദങ്ങള്‍ ഇനി സീറോ

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍