UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

നിപ ബാധിച്ച യുവാവ് പൂര്‍ണ ആരോഗ്യവാൻ, ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിന്റെ അനുമതി തേടി

സംസ്ഥാനത്ത് നിലവിൽ നിപ ബാധ സംശയിച്ച് ഒരാള്‍ പോലും നിരീക്ഷണത്തിൽ ഇല്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

നിപ വൈറസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് പൂർണമായും സുഖപ്പെട്ടതായി ആശുപത്രി അധികൃതർ. ഇതോടെ യുവാവിനെ ഡിസ്ചാർജ്ജ് ചെയ്യുന്നതിനായി സ്വകാര്യ ആശുപത്രി മെഡിക്കൽ ബോർഡിന്റെ അനുമതി തേടി. യുവാവിന്റെ രോഗം പൂർണമായി ഭേദമാകുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് അനുമതി തേടുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ നിപ ബാധ സംശയിച്ച് ഒരാള്‍ പോലും നിരീക്ഷണത്തിൽ ഇല്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

കടുത്ത പനി ബാധിച്ച് ചികിൽസ തേടിയ പറവൂർ സ്വദേശിയായ 20 കാരന് നിപ ബാധയാണെന്ന് ഇക്കഴിഞ്ഞ ജൂൺ 4 നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാംപിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകാനായതാണ് രോഗബാധ തടയുന്നതിന് സഹായകമായത്.

അതിനിടെ, എറണാകുളം ജില്ലയിൽ അടുത്തിടെ എച്ച്1എൻ1 പനി തുടർച്ചയായി റിപ്പോർട്ട് ചെയ്‌തത് ശ്രദ്ധയിൽപെട്ടതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരും രോഗത്തിനെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പനി, ചുമ, തൊണ്ടവേദന, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എച്ച്1എൻ1 രോഗബാധിതരിൽനിന്നു പുറത്തേക്ക് വരുന്ന രോഗാണുക്കൾ വഴിയാണ് മറ്റുള്ളവരിൽ രോഗം പകരുന്നത്.

രോഗലക്ഷണങ്ങളുള്ളവർ തിരക്കേറിയ ഇടങ്ങൾ, മാളുകൾ, തീയേറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും സാധാരണ വരുന്ന ജലദോഷപ്പനി രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നാലോ പനി കൂടുകയോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലോ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

 

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍