UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപ: ഉറവിടമല്ല ചികില്‍സയാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി; മൂന്നാം ഘട്ട വ്യാപനത്തിന് സാധ്യതയില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. അരുണ്‍ കുമാര്‍

വ്യാജ പ്രചരണം നടത്തിയ അഞ്ചു പേര്‍ അറസ്റ്റില്‍; ഹോമിയോയില്‍ മരുന്നില്ലെന്ന് ആരോഗ്യവകുപ്പ്

നിപ രണ്ടാംഘട്ട രോഗ വ്യാപനം റിപോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പൊതു പരിപാടികള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റി്. അതേസമയം, നിപ വൈറസിന്റെ ഉറവിടമല്ല ചികില്‍സയ്ക്കാണ് പ്രാധാന്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. രോഗത്തിന്റെ വ്യാപനം തടയുകയാണ് മുഖ്യലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ വൈറസ് ബാധിച്ച കൂടുതല്‍ പേരെ കണ്ടെത്തി ചികില്‍സ നല്‍കാന്‍ കഴിഞ്ഞത് ആശ്വാസകരമായെന്നും ആരോഗ്യമന്ത്രി പ്രതികിച്ചു. പേരാമ്പ്ര മേഖലയില്‍ നിന്നും പിടിച്ച് പരിശോധനയ്ക്ക് അയച്ച പഴം തീനി വവ്വാലുകളുടെ സാംപിളുകളിലും രോഗാണു സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന റിപോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറവിടം പ്രധാനമാണെന്നിരിക്കേ ഇതു കണ്ടെത്താന്‍ സാധിക്കാത്തത് അരോഗ്യവകുപ്പിനെ കുഴക്കുന്നുണ്ട്. ഇതോടെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ പരിശോധനയും ഇനി ആവശ്യമായിവരും.

അതിനിടെ നിപ വൈറസ് ബാധ മൂന്നാം ഘട്ട വ്യാപനത്തിന് സാധ്യതയില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു. രോഗബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നെന്ന ആശങ്കകള്‍ക്കിടെയാണ് വ്യാപന സാധ്യത തടയാമെന്ന് ആശ്വാസകരമായ പ്രതികരണവുമായി ഡോ. അരുണ്‍കുമാര്‍ രംഗത്തെത്തിയത്.

നിപ വൈറസിന്റെ ഉറവിടത്തില്‍ നിന്നും ബാധിച്ചവരാണ് ആദ്യഘട്ടത്തില്‍ മരിച്ചത്. ഇവരില്‍ നിന്നും രോഗം പടര്‍ന്നതിനെയാണ് രണ്ടാം ഘട്ടമായി കണക്കാക്കുന്നത്. രണ്ടാം ഘട്ടത്തിലും മരണം സംഭവിച്ചെങ്കിലും ഈ സമയത്ത് രോഗബാധ കണ്ടെത്താനും ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികില്‍സ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രണ്ടാം ഘട്ട ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ മുന്നാം ഘട്ട വ്യാപനം തടയാനാവുമെന്നും ഡോ. അരുണ്‍കുമാര്‍ പറയുന്നു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം ചേരും. നാളെ വൈകിട്ട് തിരുവന്തപുരത്തെ തൈക്കാട്ട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരിക്കും യോഗം നടക്കുക.

അഖിലേന്ത്യ തലത്തില്‍ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ദേശീയതലത്തില്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര അരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായ ജില്ലാ തലങ്ങളില്‍ പ്രത്യേക സെല്ലുകള്‍ തുറക്കാനും കേന്ദ്രം നിര്‍ദേശിച്ചു. അതേസമയം നിപാ ബാധയെന്ന് സംശയിച്ച് ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സാംപിളുകളില്‍ നിപ വൈറസ് ബാധയില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

13 പേര്‍ കൂടി നിരീക്ഷണത്തില്‍
നിപ ബാധ സംശയിച്ച് 13 പേരെ കൂടി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിപ വൈറസ് ബാധ സംബന്ധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 29 ആയി. ഇതുവരെ പരിശോധിച്ച 201 സാംപിളുകളില്‍ 182 ലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വ്യാജ പ്രചരണം അഞ്ചു പേര്‍ അറസ്റ്റില്‍
കോഴിക്കോട് നല്ലുര്‍ സ്വദേശിക്ക് നിപ ബാധിച്ചെന്ന് തരത്തില്‍ വാട്‌സ് ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നല്ലൂര്‍ സ്വദേശികളായ വൈഷ്ണവ് (21), നിമേഷ്(25), വിഷ്ണുദാസ് (20), ദിലീജ് (24), ദില്‍ജിത്ത് (23) എന്നിവരെയാണ് ഫറോക്ക് പോലിസ് അറസ്റ്റ്‌ ചെയ്തത്.

ഹോമിയോ അറ്റന്‍ഡര്‍ അറസ്റ്റില്‍
നിപ്പ വൈറസിനെതിരെ വ്യാജ പ്രതിരോധമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡറെ സസ്പെന്‍ഡു ചെയ്തു. കോഴിക്കോട്ട് മുക്കം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോക്ടര്‍ ഇല്ലാതിരുന്ന വെള്ളിയാഴ്ചയാണ് അറ്റന്‍ഡര്‍ മരുന്ന് വിതരണം ചെയ്തത്. അതേസമയം നിപ വൈറസിനെതിരെ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്തെത്തി. നിപ ബാധിതരെ ചികിത്സിക്കാന്‍ അനുവദിക്കണം എന്നു ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സംസ്ഥാന ആരോഗ്യവകുപ്പ് തള്ളി.

മുന്നറിയിപ്പുമായി ഖത്തര്‍
നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ഗള്‍ഫ് രാജ്യമായ ഖത്തറിലും ജാഗ്രതാ നിര്‍ദേശം. കേരളത്തില്‍ നിന്നും പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിന് യുഎ ഇ വിലക്കേര്‍പ്പെടുത്തിയതിനു പിറകെയാണ് ഖത്തറില്‍ ജാഗ്രതാ നിര്‍ദേശം.

മുസ്ലീം പള്ളിയിലെ പ്രാര്‍ഥന മാറ്റി
തൃശൂര്‍ ചേലക്കരയിലെ കാളിയറോഡ് മുസ്ലീം പള്ളിയില്‍ ഇന്ന് നടത്താനിരുന്ന സ്വലാത്ത് പ്രാര്‍ത്ഥന മാറ്റി. കഴിഞ്ഞ ദിവസം താമരശ്ശേരി അതിരൂപത കുര്‍ബാന രീതികള്‍ മാറ്റിക്കൊണ്ട് ഇടയ ലേഖനം ഇറക്കിയിരുന്നു. നിപയുടെ സാഹചര്യത്തില്‍, പള്ളികളില്‍ വിശുദ്ധകുര്‍ബാന സ്വീകരിക്കുമ്പോള്‍, വിശ്വാസികളുടെ കൈകളില്‍ കുര്‍ബാന നല്‍കണമെന്ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു. സാധാരണയായി സീറോ മലബാര്‍ കത്തോലിക്ക സഭ വിശ്വാസികള്‍ക്ക് കുര്‍ബാന നല്‍കുന്നത് നാവിലാണ്. ഇത് മാറ്റാനാണ് ബിഷപ്പിന്റെ ഇടയലേഖനം. കണ്ണൂരിലെ കൊട്ടിയൂര്‍ ഉത്സവത്തെയും നിപ ഭീതി ബാധിച്ചു എന്നു കണ്ണൂരില്‍ ന്നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍