UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗവണ്‍മെന്റിന്റെ അനുമതി കാത്തുനില്‍ക്കാന്‍ മീഡിയവണ്‍ സര്‍ക്കാര്‍ ഗസറ്റല്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി എഡിറ്റർ ഇൻ ചീഫ്

നിപ സ്ഥിരീകരിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ 24 മണിക്കൂര്‍ വൈകിയാണെങ്കിലും വാര്‍ത്ത ശരിവക്കുന്നു.

സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് നിപ സംസ്ഥാനത്ത് സ്ഥിരീകരിച്ചെന്ന വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ മീഡിയവണിനെതിരെ നടക്കുന്ന പ്രചാരങ്ങളിൽ വിമർശിച്ച് ചാനൽ മേധാവി. ശരിയെന്നുറപ്പാക്കിയ വിവരമാണ് നിപയുടെ വിഷയത്തിൽ ചാനൽ നൽകിയത്. എന്നാൽ മീഡിയവണിനെതിരെ ഒരു പ്രത്യേക സ്വഭാവത്തില്‍ സംഘടിത ആക്രമണമുണ്ടായി. സര്‍ക്കാര്‍ സ്ഥിരീകരണം വരുംവരെ മാത്രമേ ആയുസ്സുള്ളു എന്നുറപ്പുണ്ടായിട്ടാണ് ഇത്തരം ഒരു നടപടി അരങ്ങേറിയത്. വൈരാഗ്യബുദ്ധിയോടെ നടത്തിയ ആക്രമണത്തെ മീഡിയവണ്‍ പൂര്‍ണമായി അവഗണിക്കുകയാണെന്നും എഡിറ്റർ ഇൻ ചീഫ് സി എൽ തോമസ് പറയുന്നു. ചാനലിന്റെ നടപടിയെ പേരെടുത്ത് പറയാതെയെങ്കിലും ആരോഗ്യമന്ത്രി ഉൾപെടെ വിമർശിച്ച് സാഹചര്യത്തിലാണ് ചാനൽ വിശദീകരണവുമായി രംഗത്തെത്തുന്നത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ ‘നിപ’ സംശയമുണ്ടായത് മുതലുള്ള വിവരങ്ങള്‍ മീഡിയവണിന് ലഭിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ലാബിലായിരുന്നു ആദ്യ പരിശോധന. അത് പോസിറ്റീവ് ആണെന്ന വിവരം ഞായറാഴ്ച രാവിലെ തന്നെ മീഡിയവണിന് ലഭിച്ചു. ഇതേതുടര്‍ന്നാണ് ആലപ്പുഴ, മണിപ്പാല്‍, പൂനെ ലാബുകളിലേക്ക് ആരോഗ്യ വകുപ്പ് സാമ്പിള്‍ അയക്കുന്നത്. പൂനെയില്‍ നടത്തുന്ന അതേ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍) ടെസ്റ്റാണ് ബംഗളൂരുവിലം ലാബിലും നടത്തിയച്. അപ്പോഴൊന്നും ഒരു വാര്‍ത്തയും മീഡിയവണ്‍ കൊടുത്തില്ല.

ഞായറാഴ്ച രാത്രി 10 മണിയോടെ പൂനെയിലെ പരിശോധനാഫലം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നീട്, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ഉണ്ടായില്ല. എന്നാൽ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിപ സ്ഥിരീകരിച്ചുവെന്ന വിവരം തിങ്കളാഴ്ച രാവിലെ 6 മണിയോടെചാനലിന് ലഭിച്ചു. അതിരാവിലെ ലഭിച്ചിട്ടും പല തലത്തില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം രാവിലെ 10 മണിക്കാണ് മീഡിയവണ്‍ വാര്‍ത്ത പുറത്തുവിടുന്നത്. പൂനെ ലാബിലെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമായിരുന്നു വാര്‍ത്തയുടെ അടിസ്ഥാനം.

നിപ സ്ഥിരീകരിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ 24 മണിക്കൂര്‍ വൈകിയാണെങ്കിലും വാര്‍ത്ത ശരിവക്കുന്നു. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിക്കും വരെ കാത്തിരുന്നതിനാലാകണം സര്‍ക്കാര്‍ സ്ഥിരീകരണം വൈകിയത്. വിവരം കിട്ടിയപാടേ കൊടുക്കുകയല്ല, സംശയരഹിതമായി സ്ഥിരീകരിക്കുംവരെ കാത്തിരിക്കുകയാണ് മീഡിയവണും ചെയ്തത്. ശരിയായ വാര്‍ത്ത നിഷേധിച്ച് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാന്‍ സര്‍ക്കാരും ശ്രദ്ധിച്ചു. എന്നാൽ ശരിയെന്നുറപ്പാക്കിയ ഒരു വിവരം പൊതുസമൂഹത്തെ അറിയിക്കുന്നതിന് ഗവണ്‍മെന്റിന്റെ അനുമതി കാത്തുനില്‍ക്കാന്‍ മീഡിയവണ്‍ സര്‍ക്കാര്‍ ഗസറ്റല്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

വാര്‍ത്താ വിനിമയത്തിന്റെ സ്വയംനിര്‍മിത സിദ്ധാന്തങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിതമായി പ്രചരിപ്പിച്ച് ചാനലിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാൽ അതിന് വഴങ്ങുമെന്ന് ആരും ധരിക്കേണ്ടതില്ല. വംശീയതയുടെ വിഷ ബീജങ്ങള്‍ പേറുന്ന പ്രചാരണങ്ങളാണ് നടന്നതെന്ന് മനസിലാവുന്നുണ്ട്. ഒരുതരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങുകള്‍ക്കും ചാനൽ വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എഡിറ്റർ ഇൻ ചീഫ് കുറിപ്പിൽ വ്യക്തമാക്കുന്നു.

 

‘ഒരു മാധ്യമമൊഴികെ മറ്റെല്ലാവരും കൃത്യമായി സഹകരിച്ചു’; മീഡിയ വണ്ണിനെ പരോക്ഷമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍