UPDATES

നിപ നിയന്ത്രണ വിധേയമെന്ന് വിലയിരുത്തി കേന്ദ്രം; ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എയിംസ് ആവശ്യം ആവര്‍ത്തിച്ച് മന്ത്രി കെ കെ ശൈലജ

നിതാ-ശിശുക്ഷേമസഹമന്ത്രി സ്മൃതി ഇറാനിയുമായും ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

എറണാകുളത്ത് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോടായിരുന്നു കെകെ ഷൈലജ ടീച്ചറുടെ പ്രതികരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഒരു മേഖലാ കേന്ദ്രം കോഴിക്കോട് സ്ഥാപിക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യമെന്നും മന്ത്രിയെ ബോധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെരു കേന്ദ്രം തുടരാൻ നിലവില്‍ കേന്ദ്രം അനുവദിച്ച ഫണ്ട് പോര. അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി സ്വീകരിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പലതവണ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വീണ്ടും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കും എന്നാണ് കേന്ദ്രആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതെന്നും മന്ത്രി പറയുന്നു.

അതേസമയം, നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും കേന്ദ്രമന്ത്രി ചോദിച്ചറിഞ്ഞു. സംസ്ഥാനത്ത് നേരിട്ടെത്തി കാര്യങ്ങളറിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. നിപബാധ നിലവില്‍ വിധേയമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം റീജിയണല്‍ വൈറോളജി സെന്‍ററിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ അനുവദിച്ച ഫണ്ട് അപര്യാപ്തമാണ്. കൂടുതല്‍ തുക വേണമെന്നും ലെവല്‍ ത്രീ നിലവാരത്തിലുള്ള ഒരു ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ സഹായം നല്‍കണമെന്നുമാണ് സർക്കാർ നിലപാടെന്നും ശൈലജ ടീച്ചർ വ്യക്തമാക്കുന്നു.

നിപ ബാധയെക്കുറിച്ചുള്ല ദീര്‍ഘകാല പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കും. നിലവില്‍ നിപ ബാധ കണ്ടെത്തിയ യുവാവിന് ചികിത്സ നിശ്ചയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് നിപ ബാധിതര്‍ക്ക് ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘം ഇതിനായി കൊച്ചിയില്‍ തുടരുന്നുണ്ട്. നിപ മുക്തമായി എന്ന പ്രഖ്യാപനം ജൂലൈ പകുതിക്ക് ശേഷമേ ഉണ്ടാകൂ. പകരാൻ സാധ്യതയുള്ള സമയപരിധി കൂടി കണക്കിൽ എടുത്താണ് ജൂലൈ പകുതിവരെ കാത്തിരിക്കുന്നത്. ഈ ഫലം അനുസരിച്ചായിരിക്കും കേന്ദ്ര സംഘത്തിന്റെ മടക്കം എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായും ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ അംഗനവാടികളെ ഹൈടെക്ക് ആക്കാനുള്ള പദ്ധതിയും ചർച്ചാ വിഷയമായി. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് പറഞ്ഞ സ്മൃതി ഇറാനി ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകള്‍ പറയുന്നു.

 

വൈറസില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോക്ടര്‍ എറണാകുളത്ത് തിരക്കിലാണ്; രണ്ടാം നിപയെ പിടിച്ചുകെട്ടാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍