UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ: ഭയമകലുന്നു, പുതിയ രോഗബാധയില്ല, നിരീക്ഷണം തുടരും

രോഗബാധയുമായി പുതിയ രോഗികള്‍ എത്താത്തത് വൈറസ് ബാധ വ്യാപിക്കുന്നതില്‍ വന്ന കുറവുവരുന്നെന്നതിന്റെ ശുഭ സുചകങ്ങളാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ മുന്നു ദിവസത്തിനിടെ സംസ്ഥാനത്ത് പുതിയ നിപ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യാത്തതും ചികില്‍സയിലിരിക്കുന്നവരുടെ നിലമെച്ചപ്പെടുന്നതും ഭീതിക്ക് ആശ്വാസമാവുന്നു. വൈറസ് ബാധിച്ച് ചികില്‍സയിലിരുന്ന നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയും, മലപ്പുറം സ്വദേശിയായ യുവാവിന്റെയും ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉള്ളതായാണ് അധികൃതരുടെ വിശദീകരണം. ഇരുവരും ഇപ്പോള്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇവര്‍ക്ക് സാധാരണ നിലയില്‍ ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്. രണ്ടു പേരുടെയും രക്ത സാംപിളുകളിലും വൈറസ് ബാധ അപ്രത്യക്ഷമായിട്ടുണ്ടെന്നും എന്നാല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസ്വലേഷന്‍ മുറികളില്‍ തുടരുകയാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
രോഗബാധയുമായി പുതിയ രോഗികള്‍ എത്താത്തത് വൈറസ് ബാധ വ്യാപിക്കുന്നതില്‍ വന്ന കുറവുവരുന്നെന്നതിന്റെ ശുഭ സുചകങ്ങളാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

നിരീക്ഷണം 30 വരെ തുടരും

ആശ്വാസ വാര്‍ത്തകള്‍ പുറത്തുവരുമ്പോവും സംസ്ഥാനത്തെ നിരീക്ഷണം ജൂണ്‍ 30 വരെ തുടരാന്‍ ഉന്നതല യോഗ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നെല തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകും വരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.

ഭീതിയുടെ സാഹചര്യമില്ല

നിപ്പ വൈറസ് ബാധ സംബന്ധിച്ച അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. രോഗം ബാധിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഒഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇല്ലെന്നും യോഗം വിലയിരുത്തി. രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്.

സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി

നിപ്പ മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. പുതുക്കിയ ടൈംടേബിള്‍ ഹയര്‍ സെക്കന്‍ഡറിയുടെ വെബ്സൈറ്റില്‍ പിന്നീട് ലഭ്യമാകും. വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന തലശ്ശേരി വിദ്യഭ്യാസ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഒഴികെയുള്ള തലശ്ശേരി, ഇരിട്ടി താലൂക്കിലെ കോളേജുകളും ജൂണ്‍ 12 ന് മാത്രമേ തുറക്കുകയുള്ളൂ. കണ്ണൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍ താലൂക്കിലെ കോളേജുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 5 ന് തന്നെ തുറക്കും. ഇതില്‍ പരിഭ്രാന്തിയുടെ സാഹചര്യമില്ലെന്നും മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് നടപടിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ ഒരു നിപ്പ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍