UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപ ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന് സംശയം, മരണ സംഖ്യ വര്‍ധിക്കുന്നു, 1400 പേര്‍ നിരീക്ഷണത്തില്‍

നിപ വൈറസ് രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ; ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണം

നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പു നിലനില്‍ക്കുമ്പോഴും വൈറസ് ബാധിത മേഖലയിലെ മരണ സംഖ്യ വര്‍ധിക്കുന്നത് ആശങ്കയക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുപേര്‍ വെറസ് ബാധ മൂലം മരിച്ചതും പേരാമ്പ്രക്കു പുറമേ ബാലുശ്ശേരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചതുമാണ് ഒടുവിലത്തെ ഉദാഹരണങ്ങള്‍. ഇതോടെ വൈറസ് ബാധ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായാണ് വിലയിരുത്തല്‍. വൈറസ് ബാധ രണ്ടാം ഘട്ടം പ്രതീക്ഷിച്ചതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇന്ന് വ്യക്തമാക്കി. കൂടുതല്‍ ഗുരുതരമായേക്കാവുന്ന രണ്ടാം ഘട്ട വൈറസ് ബാധ സ്ഥിരീകരിക്കുമ്പോഴും നിപ വൈറസിന്റെ ഉറവിടം സംബന്ധിച്ച വ്യക്തതയില്ലാത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നതായാണ് അധികൃതരുടെ പ്രതികരണം.

ആരോഗ്യ വകുപ്പിന്റെ ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1407 പേര്‍ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്നു. നേരത്തെ നിപ ബാധിച്ച് മരിച്ചവര്‍ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചങ്ങരോത്തെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരായിരുന്നു. കുടുംബത്തിലുള്ളവര്‍ ചികില്‍സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിങ്ങളില്‍ ഇവരോട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ് അധികവും. എന്നാല്‍ ഒടുവില്‍ നിപ ബാധ മൂലം മരിച്ച ബാലുശ്ശേരി കോട്ടൂര്‍ പുന്നത്ത് സ്വദേശി റാവിസ് ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ്. റാവിസിന് വൈറസ് ബാധയേറ്റത് ബാലുശ്ശേരി താലൂക്ക് ആശുപത്രില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന ആരോഗ്യവകുപ്പ് സൂചന നല്‍കുന്നത്.

ഇതിന്റെ ഭാഗമായി ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരോട് അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് പനി ബാധിച്ചതും നിര്‍ദേശത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. കോഴിക്കോട് ജില്ലയില്‍ കനത്ത ജാഗ്രത പുലര്‍ത്താനും വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മേയ് ആദ്യവാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയും 18,19 തിയ്യതികളില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചവരും സ്റ്റേറ്റ് നിപ സെല്ലിനെ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. നിപ ബാധിതരായുള്ള ആളുകളുമായി ഇടപഴകിയിട്ടുള്ളര്‍ ആരും പൊതു ഇടങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു.

നിപ ബാധ മുലം കോഴിക്കോട് കനത്ത ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുമ്പോഴും ജില്ലയുടെ പല ഭാഗങ്ങളിലും വൈറസ് ബാധയുടെ ഗുരുതരാവസ്ഥ സംബന്ധിച്ച് ജനങ്ങള്‍ ബോധവാന്‍മാരെല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍കരുതല്‍ എന്നനിലയില്‍ സാധാരണ ക്ലിനിക്കല്‍ മാസ്‌ക് ഉപയോഗിക്കുന്നതിന് അപ്പുറത്ത് യാതൊരുവിധ നിര്‍ദേശവും ഇവിടങ്ങളില്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം. കുടുംബശ്രീ അടക്കമുള്ള സാമൂഹിക സംവിധാനങ്ങളും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താമെന്നിരിക്കേ നിപ ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ട മുന്‍കരുതലുകളെ പറ്റി പോലും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു.

അതിനിടെ നിപ ബാധ ആശുപത്രിയില്‍ നിന്നും പടരുന്നതെന്ന് റിപോര്‍ട്ട് പുറത്തുവന്നതോടെ സാധാരണ പനി ബാധിച്ചവര്‍ പോലും ചികില്‍സ തേടാന്‍ ആശുപത്രികളെ സമീപിക്കുന്നില്ലെന്നും റിപോര്‍ട്ടുകളുണ്ട്. ഇതിനു പുറമേ പനി ബാധിച്ച കുടുംബങ്ങളിലേക്ക് സന്ദര്‍ശകരായിപ്പോലും ആളുകള്‍ എത്താത്ത അവസ്ഥയും നിലവിലുണ്ടെന്നും, മേഖലയിലെ ബസ് സര്‍വീസുകളെ അടക്കം ഭീതി ബാധിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

നിലവില്‍ 18 സാംപിളുകളാണ് ഇതുവരെ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 16 പേരും മരിച്ചിട്ടുണ്ട്. ആറുപേരുടെ മരണ ശേഷമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനാല്‍ ഇവരുമായി ബന്ധം പുലര്‍ത്തിയവരെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

ആരോഗ്യ വകുപ്പിന്റെ പത്രപ്രസ്താവന

നിപ വൈറസ് രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നിപ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപ വൈറസ് പകരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാല്‍ നേരത്തെ നിപ്പ ബാധിച്ചിരുന്നവരുമായി ഇടപഴകിയ ആള്‍ക്കാര്‍ക്ക് നിപ്പ പകരാന്‍ സാധ്യതയുണ്ടെന്ന് ആ സമയത്ത് തന്നെ പറഞ്ഞിരുന്നു. അത്തരത്തില്‍ രണ്ടാമതും നിപ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള ഇന്‍കുബേഷന്‍ പീരീഡ് കഴിയുന്നതുവരെ ശ്രദ്ധിക്കേണ്ടതുണ്ട്.

അതായത് നേരത്തെ നിപ വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കേണ്ടതുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് പരിശോധിക്കുമ്പോള്‍ മാത്രമേ ഇത് പോസിറ്റീവാണോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പറയുന്നത്.

വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നിപ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. ഇത്തരത്തില്‍ നിപ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള്‍ ഒഴിവാക്കണം. ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിപ്പ രോഗിയുമായി ഇടപഴകിയ വിവരം അറിയിക്കണം. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണം.

ഇതോടൊപ്പം എല്ലാവരും വളരെ ശ്രദ്ധ പുലര്‍ത്തണം. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അത്‌കൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണം. കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോഴും അവിടെത്തന്നെയുണ്ട്. അത് പിന്‍വലിച്ചിട്ടില്ല. പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ഈ സംഘത്തെ നിലനിര്‍ത്തും. രണ്ടാം ഘട്ടത്തില്‍ നിപ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.

18 പേരിലാണ് നിപ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. അതില്‍ നിന്നും 16 പേരാണ് മരണമടഞ്ഞത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടു വരുന്നു എന്നത് ആശ്വാസമാണ്. ഈ 18 പേരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയ ബാക്കിയുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരിശോധനയില്‍ ഇവരില്‍ മഹാഭൂരിപക്ഷത്തിനും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നത്. ബാക്കിയെല്ലാം നെഗറ്റീവാണ്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്‍ണ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍