UPDATES

രാജു നാരായണ സ്വാമിയെ പിരിച്ചുവിടില്ല, തല്‍ക്കാലം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി; ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശ മടക്കി

അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനാലാണ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് എന്നും ഇതിനെ നിയമപരമായി നേരിടുമെന്നും രാജു നാരായണ സ്വാമി പറഞ്ഞിരുന്നു

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള ശുപാര്‍ശ തല്‍ക്കാലം അംഗീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സ്വാമിക്കെതിരെ തല്‍ക്കാലം നടപടി വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജു നാരായണ സ്വാമിക്കെതിരായ പരാതികളില്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രാജു നാരായണ സ്വാമിയെ പുറത്താക്കാനുള്ള തീരുമാനം വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കവേയാണ് രാജു നാരായണ സ്വാമിയെ പുറത്താക്കാനുള്ള ശുപാര്‍ശ വന്നത്.

പ്രധാന തസ്തികകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓഫീസില്‍ ഹാജരായില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് മാറ്റിയിട്ടും അത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നീ പരാതികളും രാജു നാരായണ സ്വാമിക്കെതിരെ ഉണ്ടായിരുന്നു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതുകൊണ്ടാണ് സര്‍വീസില്‍ ചേരാതെ നിന്നത് എന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും രാജു നാരായണ സ്വാമി പറയുന്നു.

അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനാലാണ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് എന്നും ഇതിനെ നിയമപരമായി നേരിടുമെന്നും രാജു നാരായണ സ്വാമി പറഞ്ഞിരുന്നു. മൂന്നാറില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ 2007ല്‍ വിഎസ് അച്യുതാനന്ദന്റെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ദൗത്യസംഘത്തിലെ അംഗമായിരുന്നു രാജു നാരായണ സ്വാമി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍