UPDATES

വിപണി/സാമ്പത്തികം

കിഫ്ബിയില്‍ യാതൊരു തട്ടിപ്പും നടക്കില്ല, സിഎജിക്ക് എല്ലാം പരിശോധിക്കാം: തോമസ് ഐസക്ക്‌

സിഎജിക്ക് സര്‍ക്കാര്‍ മറുപടി നല്‍കും. ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും.

കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) പദ്ധതികളില്‍ യാതൊരു തരത്തിലുള്ള തട്ടിപ്പും വെട്ടിപ്പും നടക്കില്ല എന്ന് ധന മന്ത്രി തോമസ് ഐസക്. അഴിമതി തടയാനുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് കിഫ്ബി തുടങ്ങിയത് എന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. വരവ് ചെലവ് കണക്കുകടക്കം ഏത് പദ്ധതിയിലും പരിശോധന നടത്താന്‍ സിഎജിക്ക് (കംപ്‌ട്രോള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) അവകാശമുണ്ട്.

സിഎജിക്ക് സര്‍ക്കാര്‍ മറുപടി നല്‍കും. ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. മസാല ബോണ്ട് വിവരങ്ങളും കൈമാറും. 14 (1) വകുപ്പനുസരിച്ച് മസാലബോണ്ടുകള്‍ സിഎജിക്ക് ഓഡിറ്റ് ചെയ്യാം – ഐസക് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ബാലിശമാണ്. സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗിന് തടസമില്ല.

ട്രാന്‍സ്ഗ്രിഡ് അഴിമതി ആരോപണത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐസക് മറുപടി നല്‍കി. ചെന്നിത്തല മന്ത്രിയായിരുന്നപ്പോളാണ് ഡല്‍ഹി ഷെഡ്യൂള്‍ തീരുമാനിച്ചത് എന്ന് ഐസക് പറഞ്ഞു.

കിഫ്ബി വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കിഫ്ബി സിഇഒ കെ എം എബ്രഹാം തള്ളിയിരുന്നു. പൂര്‍ണ അര്‍ത്ഥത്തിലുള്ള ഓഡിറ്റിങ് കിഫ്ബിയില്‍ ആവശ്യമില്ലെന്ന നിലപാടിനെതിരെ സിഎജി സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. ഇതോടെ കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെച്ചിരിക്കയാണ്.

കിഫ്ബിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി നടക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ:

*വൈദ്യുതി കൊണ്ടുവരുന്നതിനുളള ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അഴിമതി.
*കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും അഴിമതി
*കിഫ്ബിക്ക് വേണ്ടി വൈദ്യുതി ബോര്‍ഡിലെ എഞ്ചിനീയറെ മാറ്റി
*കരാര്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനികള്‍ക്ക് വേണ്ടി മാറ്റി
*എല്‍&ടി, സ്റ്റെര്‍ര്‍ലൈറ്റ് എന്നീ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയത്.

കിഫ്ബിയുടെ മറവില്‍ വലിയ അഴിമതികള്‍ നടക്കുകയാണെന്നും ഇതേക്കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന ആരോപണമാണ് പ്രതിപക്ഷം ആദ്യം ഉന്നയിച്ചത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സിഎജിയുടെ ഓഡിറ്റിന് വിടാത്തത് ഇതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു ആരോപണം. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും ഇത് മറച്ചുവെയ്ക്കാനുമാണ് പരിശോധന ഒഴിവാക്കുന്നതെന്നുമായിരുന്നു ആരോപണം. മസാല ബോണ്ട് ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം ഉയര്‍ന്നു.

കിഫ്ബിയില്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സിഎജി ഓഡിറ്റിങ് നടക്കുന്നില്ലെന്ന് സമ്മതിച്ച മുഖ്യമന്ത്രി അതിന് പ്രസക്തിയില്ലെന്ന് നിലപാടാണ് സ്വീകരിച്ചത്. സിഎജിയുടെ ആക്ട് സെക്ഷന്‍ 14 പ്രകാരം കിഫ്ബിയുടെ വരവു ചെലവുകള്‍ ഓഡിറ്റ് ചെയ്യാമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. സര്‍ക്കാരിന്റെ സഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സിഎജി ഓഡിറ്റ് ബാധകമായതുകൊണ്ട് സെക്ഷന്‍ 20 പ്രകാരം കിഫ്ബിയ്ക്ക് ഓഡിറ്റിംങ് നടത്തേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഈ നിലപാട് സിഎജി തന്നെ തള്ളിക്കളഞ്ഞിരുന്നു.

കിഫ്ബിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങള്‍ തള്ളിയാണ് സിഎജി നിലപാട് സ്വീകരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി(ഫിനാന്‍സ്) മനോജ് ജോഷിയ്ക്ക് അയച്ച കത്തിലാണ് സിഎജി നിലപാടുകള്‍ വ്യക്തമാക്കിയത്. കിഫ്ബിയിലെ ഓഡിറ്റ് വ്യവസ്ഥകള്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായാണോ നടക്കുന്നതെന്ന കാര്യം ഉറപ്പുവരുത്താന്‍ പര്യാപ്തമല്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സിഎജിയുടെ സമഗ്ര ഓഡിറ്റ് നിക്ഷേപകരുടെ വിശ്വാസത്തെ തളര്‍ത്തുമെന്ന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും സിഎജി തള്ളി കളഞ്ഞു. സിഎജി ആക്ട് 1971 അനുസരിച്ച് ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു സിഎജിയുടെ ആവശ്യം. ഓഡിറ്റിംങിന് കിഫ്ബിയില്‍ ആഭ്യന്തരമായുള്ള ഫണ്ട് ട്രസ്റ്റീ ആന്‍റ് അഡൈ്വസറി കമ്മീഷന്‍ പര്യാപ്തമല്ലെന്നും സിഎജി വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍