UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗികാതിക്രമ കേസില്‍ നാന പടേക്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അദ്ഭുതമില്ല – കാരണം തനുശ്രീ ദത്ത പറയുന്നു

അന്വേഷണ നടപടികളുടെ വിശ്വാസ്യതയെ തനുശ്രീ ദത്ത ചോദ്യം ചെയ്തു. തനിക്ക് അനുകൂലമായി സാക്ഷി പറയാന്‍ സന്നദ്ധതയുള്ളവരുടെ ശബ്ദം ഒതുക്കിയെന്നും അവര്‍ ആരോപിച്ചു.

താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ലൈംഗികാതിക്രമ കേസില്‍ നടന്‍ നാന പടേക്കറിനെതിരായ അന്വേഷണം മുംബയ് പൊലീസ് അവസാനിപ്പിച്ചതില്‍ തനിക്ക് അദ്ഭുതമൊന്നുമില്ലെന്ന് നടി തനുശ്രീ ദത്ത. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു ഞെട്ടലുമുണ്ടായില്ല. നാന പടേക്കറിനെതിരെ യാതൊരു തെളിവുമില്ല എന്ന് പറഞ്ഞാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ദുഷിച്ച ഒരാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി എന്നേ ഉള്ളൂ – തനുശ്രീ ദത്ത പ്രസ്താവനയില്‍ പറഞ്ഞു.

അന്വേഷണ നടപടികളുടെ വിശ്വാസ്യതയെ തനുശ്രീ ദത്ത ചോദ്യം ചെയ്തു. തനിക്ക് അനുകൂലമായി സാക്ഷി പറയാന്‍ സന്നദ്ധതയുള്ളവരുടെ ശബ്ദം ഒതുക്കിയെന്നും അവര്‍ ആരോപിച്ചു. തനുശ്രീ ദത്ത പറഞ്ഞ കാര്യങ്ങളെ ഒരു അസിസ്റ്റന്റ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകയും ശരിവച്ചിരുന്നു. നാന പടേക്കറിനെതിരായ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് തനുശ്രീയുടെ അഭിഭാഷകന്‍ പറഞ്ഞു.

2008ല്‍ സിനിമ ചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തനുശ്രീ ദത്തയുടെ ആരോപണം. ബോളിവുഡ് അടക്കം ഇന്ത്യയില്‍ വിവിധ മേഖലകളില്‍ മീ ടു കാംപെയിന്‍ സജീവമായത് ഇതിന് ശേഷമാണ്. ഹോളിവുഡിലെ മീ ടു ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തനുശ്രീ ദത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. നാന പടേക്കര്‍ തന്നേയും കുടുംബത്തേയും ഷൂട്ടിംഗ് സെറ്റില്‍ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായും തനുശ്രീ ദത്ത ആരോപിച്ചിരുന്നു. അലോക്‌നാഥ് അടക്കമുള്ള നടന്മാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. ട്വിങ്കിള്‍ ഖന്ന അടക്കമുള്ളമുള്ളവര്‍ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാറിന്റെ ഹൗസ് ഫുള്‍ 4 എന്ന സിനിമയില്‍ നിന്ന് നാന പടേക്കര്‍ പുറത്താവുകയും ചെയ്തു.

കേസിനെ ദുര്‍ബലപ്പെടുത്താനായി വ്യാജ സാക്ഷികളെ ഉള്‍പ്പെടുത്തിയതായി തനുശ്രീ ആരോപിക്കുന്നു. എന്റെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയില്ല. അലോക്‌നാഥിന് ക്ലീന്‍ ചിറ്റ് കിട്ടുകയും സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുകയും ചെയ്യുന്നുണ്ടെങ്കില്‍ പിന്നെ നാന പടേക്കറിനെ സംബന്ധിച്ച് അത് ബുദ്ധിമുട്ടാകില്ലെന്നും തനുശ്രീ ദത്ത ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍