UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഴുമണിക്കൂര്‍, 104 ചോദ്യങ്ങള്‍; പ്രതിരോധിക്കാന്‍ മറുതെളിവുകളുമായി ഫ്രാങ്കോ മുളയ്ക്കല്‍: ചോദ്യം ചെയ്യല്‍ നാളെയും തുടരും

ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവുന്നതിനായി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എസ്പി പ്രതികരിച്ചു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കില്ല. തൃപ്പൂണിത്തറ ബുധനാഴ്ച രാവിലെ 11ഓടെ തൃപ്പൂണിത്തറയിലെ ക്രൈംബ്രാഞ്ച് ഓഫീസിനോട് ചേര്‍ന്ന ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂറോളം നീണ്ടു നിന്നു. അതേസമയം തനിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടില്‍ ബിഷപ്പ് ഉറച്ചു നിന്നതായാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ആറുമണിയോടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ ബിഷപ്പ് മടങ്ങുകയായിരുന്നു.

അതേസമയം, ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കോട്ടയം എസ്പി പ്രതികരിച്ചു. ബിഷപ്പ് മടങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയായിട്ടില്ല. നാളെയും തുടരും. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവുന്നതിനായി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എസ്പി പ്രതികരിച്ചു.

ബിഷപ്പിനെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച 104 ചോദ്യങ്ങളില്‍ ഊന്നിയായിരുന്നു ഇന്നത്തെ ചോദ്യം മൊഴിയെടുക്കല്‍. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ പുരോഗമിച്ചത്. എന്നാല്‍ ആരോപണത്തെ പ്രതിരോധിക്കുന്നതിനുള്ള മറുതെളിവുകളുമായിട്ടാണ് ബൂധനാഴ്ച ബിഷപ്പ് ഹാജരായതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. മെയ് അഞ്ചിനു മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് ബിഷപ്പ് പറയുന്നത്. കന്യാസ്ത്രീ നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉള്ള രേഖകള്‍ എഡിറ്റ് ചെയ്തവയാണെന്നും ബിഷപ്പ് വ്യക്തമാക്കിയതായും റിപോര്‍ട്ടുകളുണ്ട്. ആരോപണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണ്. പീഡിപ്പിച്ചെന്ന പരാതിയില്‍ പറയുന്ന ദിവസത്തിന് ശേഷവും കന്യാസ്ത്രീയുടെ പെരുമാറ്റത്തില്‍ ഭാവമാറ്റങ്ങളില്ല. ഇതിന് അവരുടെ വീട്ടില്‍ നടന്ന ചടങ്ങ് തെളിവാണെന്നും ബിഷപ്പ് പറയുന്നു.

അതിനിടെ ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയ ബിഷപ്പിനതിരെ പ്രതിഷേധവും ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് പുറത്ത് അരങ്ങേറി. എഐവൈഎഫ് പ്രവര്‍ത്തകരാണ് ബിഷപ്പിനെതിരേ കരിങ്കൊടി കാണിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍