UPDATES

ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം; ബിഷപ്പ് ഹാജരായി; ഇന്ന് അറസ്റ്റുണ്ടായേക്കുമെന്ന് സൂചനകള്‍

മൊഴികളിലെ വൈരുദ്ധ്യം മാറ്റി വ്യക്തതവരുത്തുകയാണ് ഇന്നത്തെ ലക്ഷ്യം. ചോദ്യം ചെയ്യല്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി പറയുന്നു.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗപരാതിയില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഇന്നലെ എഴു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് വിധേയനാക്കിയ ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മുതലാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. നോട്ടീസില്‍ ആവശ്യപ്പെട്ട പ്രകാരം രാവിലെ 11-10 ഓടെയാണ് ഇന്ന് ബിഷപ്പ് തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തിയത്.

കന്യാസ്ത്രീയുടെ രഹസ്യമൊഴികളില്‍ ഊന്നിക്കൊണ്ടുള്ള  നടപടികളില്‍ നിന്നും  വ്യത്യസ്ഥതമായി തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യല്‍ ആയിരിക്കും ഇന്ന് തുടരുകയെന്നാണ് വിവരം. പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയെ സാധുകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യമുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പരാതിയിലെ ആരോപണങ്ങളില്‍ ഊന്നിക്കൊണ്ട് 150 ചോദ്യങ്ങളിലൂടെ പുരോഗമിച്ച് ഇന്നലത്തെ മൊഴിയെടുപ്പില്‍ പല ചോദ്യങ്ങള്‍ക്കും ബിഷപ്പിന് മറുപടി ഉണ്ടായിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ പുതിയ ചോദ്യാവലി പ്രകാരമാണ് ഇന്നത്തെ നടപടികള്‍ പുരോഗമിക്കുക.

പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ ബിഷപ്പിനെ ഇന്നു തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് പോലീസ് മുന്നോട്ടുപോവുന്നത്. ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നതിനുമാകും പോലീസ് സംഘത്തിന്റെ ശ്രമം. ഇന്നലെ ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്തിരുന്നു.

ഇന്നലത്തെ നടപടികളോടെ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഭാഗികമായി പൂര്‍ത്തിയാക്കിയതായി കോട്ടയം എസ് പി ഹരിശങ്കര്‍ പ്രതികരിച്ചു. മൊഴികളിലെ വൈരുദ്ധ്യം മാറ്റി വ്യക്തതവരുത്തുകയാണ് ഇന്നത്തെ ലക്ഷ്യം. ചോദ്യം ചെയ്യല്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി പറയുന്നു. അതേസമയം, ബിഷപ്പിന്റെ അറസ്റ്റിനായുള്ള തയാറെടുപ്പുകള്‍ പൊലീസ് ആരംഭിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. അറസ്റ്റിനെ തുടര്‍ന്ന് ഉണ്ടാവാന്‍
ഇടയാകാനുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍