UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമരം രണ്ടാം ദിവസത്തിലേക്ക്; കേസ് ക്രൈം ബ്രാഞ്ചിനു വിട്ടേക്കും

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ ഉള്‍പ്പെടെ അവഹേളിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ പി സി ജോര്‍ജ്ജ് എംഎല്‍എക്ക് എതിരെ കന്യാസ്ത്രീ പരാതി നല്‍കും.

ജലന്തര്‍ ബിഷപ്പ് ഹ്രാങ്കോ മുളക്കയ്ക്കലിനെതിരെ കന്യാസ്ത്രീ സമര്‍പ്പിച്ച പീഡനക്കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയേക്കുമെന്ന് റിപോര്‍ട്ടുകള്‍. കേസില്‍ വിശദമായ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ കൈമാറുകയാണ് ഉചിതമെന്നാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഡിജിപിയെ അറിയിച്ചു. ഇപ്പോഴുള്ള തെളിവുകളില്‍ അവ്യക്തതയുണ്ട്. സംസ്ഥാനത്തിന് പുറത്ത് അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം വേണ്ടിവരും. കൂടാതെ ശബരിമല തീര്‍ത്ഥാടനം ഉള്‍പ്പെടെ വരാനിരിക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ ലോക്കല്‍ പോലീസ് അടക്കം ഈതിന്റെ ചുമതലയിലേക്ക് നീങ്ങും. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നീക്കമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

കേസിലെ ഇതുവരെയുള്ള പുരോഗമനവും, ഇനി സ്വീകരിക്കേണ്ട നടപടികളും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും. ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, ബിഷപ്പിന്റെ അറസ്റ്റ് വെകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍
ഇന്നലെ ആരംഭിച്ച സമരം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നും തുടരും. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന കുറുവിലങ്ങാട് മഠത്തിലെ സന്യാസിനിമാരാണ് ജോയന്റ് കൃസ്ത്യന്‍ കൗണ്‍സിലിന്റെ പിന്തുണയോടെ സമരത്തിന് ഇറങ്ങിയത്. ‘ഞങ്ങളുടെ ജീവന്‍ അപകടത്തില്‍’,’സ്ത്രീപീഡകനായ ബിഷപ്പിനെ അറസ്റ്റുചെയ്യുക’, ‘കര്‍ത്താവിന്റെ മണവാട്ടികളുടെ മാനത്തിന് വില പത്തേക്കര്‍’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീന റോസ്, ആന്‍സിറ്റ, ജോസഫൈന്‍ എന്നിവര്‍ സമരത്തിനെത്തിയത്.

അതേസമയം, സമരം ചെയ്യുന്ന കന്യാസ്ത്രീകളെ ഉള്‍പ്പെടെ അവഹേളിച്ച് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ പി സി ജോര്‍ജ്ജ് എംഎല്‍എക്ക് എതിരെ കന്യാസ്ത്രീ പരാതി നല്‍കും. കന്യാസ്ത്രീ ദുര്‍നടപ്പുകാരിയാണെന്നും ബിഷപ്പിനെ അപേക്ഷിച്ചു കൂടുതല്‍ തെറ്റുകാരി കന്യാസ്ത്രീ ആണെന്നുമായിരുന്നു പി.സി.ജോര്‍ജിന്റെ ആരോപണം. എംഎല്‍എയുടെ പരാമര്‍ശത്തിനെതിരേ നിയമസഭാ സ്പീക്കര്‍ക്കും വനിതാ കമ്മിഷനിലും പൊലീസിലും കന്യാസ്ത്രീ പരാതി നല്‍കുമെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍