UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോകകപ്പിന് മുന്‍പ് റഷ്യ ഒലെഗ് സെന്റ്‌സോവിനെ മോചിപ്പിക്കുമോ?

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളും അന്തര്‍ദേശീയ ചലച്ചിത്ര സംവിധായകരും സെന്റ്‌സോവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റഷ്യന്‍ പ്രസിഡന്റിന് കത്തുകള്‍ അയച്ചിരുന്നു.

റഷ്യയില്‍ തടവില്‍ കഴിയുന്ന ഉക്രേനിയന്‍ സംവിധായകന്‍ ഒലെഗ് സെന്റ്‌സോവിനെ മോചിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം. വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്‍പായി മോചിപ്പിക്കണമെന്നാണ് റഷ്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ഉക്രേനിയന്‍ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മെയ് 14 മുതല്‍ സെന്റ്‌സോവ് നിരാഹാരസമരത്തിലാണ്. നിരാഹാരം തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ തൂക്കം 8 കിലോയോളം കുറഞ്ഞിട്ടുണ്ടെന്നും വൃക്ക തകരാറിലായിട്ടുണ്ടെന്നും സെന്റ്‌സോവിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കില്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് ആഹാരം കഴിപ്പിക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റ്‌ചെയ്ത സെന്റ്‌സോവിന് 2015-ല്‍ റഷ്യന്‍ സൈനിക കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ക്രിമിയന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ‘യുണൈറ്റഡ് റഷ്യ’യുടെ ഓഫീസിന് മനപ്പൂര്‍വ്വം തീവച്ചു എന്നതാണ് കേസ്. എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച സെന്റ്‌സോവ് സമാധാനപരമായി സമരം ചെയ്തതിനാണ് തന്നെ ശിക്ഷിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. ചോദ്യം ചെയ്യല്‍ സമയത്ത് കടുത്ത പീഡനമായിരുന്നു അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നതെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു. ‘സ്റ്റാലിനിസ്റ്റ് കാലത്തെ അനുസ്മരിപ്പിക്കുന്ന വിചാരണയാണ് നടക്കുന്നതെന്ന്’ ആ സമയത്ത് ആംനെസ്റ്റി ഇന്റര്‍നാഷണലും പ്രസ്താവിച്ചിരുന്നു.

എത്ര പീഡനങ്ങളേല്‍ക്കേണ്ടി വന്നാലും തന്റെ ഉക്രേനിയന്‍ അനുകൂല നിലപാടുകളില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നും, ‘അധിനിവേശക്കാരുടെ കോടതി’യോട് തന്നെ ശിക്ഷിക്കരുതെന്ന് അപേക്ഷിക്കില്ലെന്നും വിചാരണവേളയില്‍ സെന്റ്‌സോവ് പറഞ്ഞിരുന്നു. ‘കഷ്ടപ്പെടാനോ മരിക്കുവാനോ തയ്യാറല്ലെങ്കില്‍ പിന്നെ നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആ വാക്കുകള്‍ തന്നെയാണ് സെന്റ്‌സോവ് പിന്തുടരുന്നതും. ഒറ്റപ്പെട്ടുകിടക്കുന്ന ആര്‍ക്ടിക് നഗരമായ ലബിറ്റ്‌നങ്ങിയിലുള്ള, കടുത്ത കുറ്റവാളികളെ മാത്രം പാര്‍പ്പിക്കുന്ന, ഒരു ജയിലിലാണ് അദ്ദേഹത്തെ അടച്ചിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളും അന്തര്‍ദേശീയ ചലച്ചിത്ര സംവിധായകരും സെന്റ്‌സോവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റഷ്യന്‍ പ്രസിഡന്റിന് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ‘ഭീകരവാദ പ്രവര്‍ത്തനം നടത്തിയതിനും ജനങ്ങളെ സ്‌ഫോടനം നടത്തി കൊല്ലാന്‍ നോക്കിയതിന്റെ പേരിലുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും മറ്റൊന്നുമായും അതിനെ ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും പുട്ടിന്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് ഉക്രൈന്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍