UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“അച്ഛന്റെ ഗുണ്ടകളില്‍ നിന്ന് രക്ഷിക്കണം” – ദലിതനെ വിവാഹം കഴിച്ച ബിജെപി എംഎല്‍എയുടെ മകള്‍

ബറെയ്‌ലി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ദലിത് സമുദായക്കാരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സ്വന്തം പിതാവില്‍ നിന്ന് ജീവന് ഭീഷണിയുണ്ട് എന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ മകള്‍. ബറെയ്‌ലി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 23കാരിയായ സാക്ഷി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

അച്ഛനേയും സഹോദരനേയും പപ്പു ഭാര്‍തോള്‍ എന്നും വിക്കി ഭാര്‍തോള്‍ എന്നുമാണ് സാക്ഷി വിളിക്കുന്നത്. ബഹുമാനപ്പെട്ട എംഎല്‍എ പപ്പു ഭാര്‍തോള്‍ജി, വിക്കി ഭാര്‍തോള്‍ജി നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ, രാഷ്ട്രീയപ്രവര്‍ത്തനം തുടരൂ. ഞങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കൂ. ശരിക്കും ഞാന്‍ വിവാഹം കഴിച്ചു. സിന്ദൂരം വെറുതെ ഫാഷന് വേണ്ടി ഇട്ടതല്ല. സാക്ഷിയുടെ ഭര്‍ത്താവ് അജിതേഷ് കുമാറാണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം. പപ്പ, നിങ്ങള്‍ രാജീവ് റാണയെ പോലെയുള്ള നിങ്ങളുടെ ‘നായ്ക്കളെ’ (ഗുണ്ടകളെ) എനിക്ക് പിന്നാലെ വിട്ടിരിക്കുന്നു. എനിക്ക് മടുത്തു. ഞങ്ങള്‍ക്ക് ഓടി മടുത്തു. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്.

അഭിയേയും ബന്ധുക്കളേയും ഉപദ്രവിക്കുന്നത് നിര്‍ത്തണം. എനിക്ക് സന്തോഷമായും സ്വതന്ത്രമായും ജീവിക്കണം – സാക്ഷി മിശ്ര പറയുന്നു. എനിയ്‌ക്കോ അഭിക്കോ അഭിയുടെ കുടുംബത്തിനോ എന്തെങ്കിലും സംഭവിക്കുകയാണ് എങ്കില്‍ എന്റെ അച്ഛനും വിക്കി ഭാര്‍തോളും രാജീവ് റാണയുമായിരിക്കും അതിന് ഉത്തരവാദികള്‍. എന്റെ പിതാവിനെ സഹായിക്കുന്നവര്‍ അത് നിര്‍ത്തണം. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്. മറ്റൊരു വീഡിയോയില്‍ സംരക്ഷണം വേണമെന്ന് പൊലീസിനോട് യുവതി അഭ്യര്‍ത്ഥിക്കുന്നു. ബിജെപി എംഎല്‍എ രാജേഷ് മിശ്ര ഇതുവരെ വീഡിയോയോട് പ്രതികരിച്ചിട്ടില്ല. യുവ ദമ്പതികള്‍ക്ക് സുരക്ഷ നല്‍കാന്‍ ഡിഐജി ആര്‍കെ പാണ്ഡെ നിര്‍ദ്ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍