UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രുപ ബോണസ്

26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4,000 രൂപ ബോണസായി ലഭിക്കും. എന്‍.എം.ആര്‍ ജീവനക്കാര്‍, സീസണല്‍ വര്‍ക്കര്‍മാര്‍, പാര്‍ടൈം അധ്യാപകര്‍, പാര്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകും

ഓണത്തിന് മുന്നോടിയായുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവ ചിങ്ങപ്പുലരി മുതല്‍ നല്‍കിത്തുടങ്ങുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മലയാളികളുടെ ഓണാഘോഷത്തിന്റെ നിറം കെടരുതെന്ന് കരുതിയാണ് ഇവയുടെ വിതരണം നേരത്തെ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അടക്കം അര്‍ഹമായ എല്ലാ സാമ്പത്തിക സഹായങ്ങളും ധനകാര്യവകുപ്പ് വേഗത്തില്‍ നല്‍കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുപ്രകാരം, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണമാണ് ആദ്യം നല്‍കുക. ബാങ്ക് അക്കൗണ്ടുകളിലേയ്ക്കുള്ള പെന്‍ഷന്‍ തുടര്‍ന്ന് 17 നും 18 നും നല്‍കും. പുതിയതായി 89,051 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. 1760 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷനായി വിതരണം ചെയ്യുന്നത്. ഇതുകൂടാതെ 9.6 ലക്ഷം പേര്‍ക്ക് വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയും പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതില്‍ 19 ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പെന്‍ഷന്‍ വിതരണത്തിനുള്ള തുക സര്‍ക്കാരാണ് നല്‍കുന്നത്. 188.56 കോടി രൂപയാണ് ഇതിനു ചെലവ്. ലോട്ടറി തൊഴിലാളികള്‍ക്ക് 6,000 രൂപ ബോണസ് നല്‍കും.

26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4,000 രൂപ ബോണസായി ലഭിക്കും. എന്‍.എം.ആര്‍ ജീവനക്കാര്‍, സീസണല്‍ വര്‍ക്കര്‍മാര്‍, പാര്‍ടൈം അധ്യാപകര്‍, പാര്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകും. സെപ്തംബര്‍ ഒന്ന് മുതല്‍ ലഭിക്കേണ്ട ശമ്പളവും പെന്‍ഷനും ചിങ്ങം ഒന്ന് മുതല്‍ നല്‍കുമെന്നും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തോമസ് ഐസക് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍