UPDATES

ന്യൂസ് അപ്ഡേറ്റ്സ്

90 മണിക്കൂർ, സിബിഐ കസ്റ്റഡിയിൽ ചിദംബരം ഉത്തരം നൽകിയത് 450 ചോദ്യങ്ങൾക്ക്

സെപ്റ്റംബർ 20 നകം സിബിഐ കുറ്റപത്രം സമർപ്പിച്ചേക്കും.

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായി രണ്ടാഴ്ചയായി സിബിഐ കസ്റ്റഡിയിൽ കഴിയവേ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം നേരിട്ടത് മാരത്തോൺ ചോദ്യം ചെയ്യലെന്ന് റിപ്പോർട്ട്. 90 മണിക്കൂറോളമായിരുന്നു ചിദംബരം ചോദ്യം ചെയ്യൽ നേരിട്ടത്. ഈ സമയങ്ങളിൽ അദ്ദേഹം ഉത്തരം നൽകിയത് 450ൽ അധികം ചോദ്യങ്ങൾക്കാണെന്നും ചില ഉദ്യാഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയക്ക് വിദേശ നിക്ഷേപം ഒരുക്കുന്നതിനായി ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് വഴി നടത്തിയ ഇടപെടലിനെ കുറിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേസിലെ കൂട്ട് പ്രതികളുമായി ചിദംബരത്തിന്റെ മകൻ നടത്തിയ ഇ മെയിൽ ഇടപാടുകളും ചോദ്യം ചെയ്യലിലെ പ്രധാന വിഷയമായി.

പീറ്ററും ഇന്ദ്രാണി മുഖർജിയയും ചേർന്ന് സ്ഥാപിച്ച ഐ‌എൻ‌എക്സ് മീഡിയ എന്ന മാധ്യമ കമ്പനിയ്ക്ക് വൻതോതിൽ വിദേശ ഫണ്ടുകൾ ലഭിക്കുന്നതിനായി 2017 ൽ ധനമന്ത്രിയായിരിക്കെ ചിദംബരം വഴിവിട്ട സഹായം ചെയ്തുവെന്നാണ് സിബിഐയുടെ പ്രധാന ആരോപണം.

ചോദ്യം ചെയ്യലിനിടെ ചിദംബരം കേസിലെ അഞ്ച് പ്രതികളെയും കേസിലെ സാക്ഷികളെയും നേരിട്ടു. എന്നാൽ, ഐ‌എൻ‌എക്സ് മീഡിയക്ക് വിദേശ ഫണ്ടുകൾക്കായുള്ള നിർദ്ദേശം  നൽകിയെന്ന് പറയുന്ന കാലയളവിൽ എഫ്ഐപിബി മേധാവിയായിരുന്ന ഡി സുബ്ബറാവുവിനെ അദ്ദേഹം അഭിമുഖീകരിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. കേസിൽ സെപ്റ്റംബർ 20 നകം സിബിഐ കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചതായാണ് വിവരം.

അതിനിടെ, ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള കോടതിയുത്തരവ് വ്യാഴാഴ്ച പുറത്ത് വന്നിരുന്നു. ഇതോടെ സെപ്തംബർ 19 വരെ ചിദംബരം ജയിലിൽ കഴിയേണ്ടി വരുമെന്ന് ഉറപ്പായി. ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Also Read- ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറെസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍