UPDATES

‘കോണ്‍ഗ്രസ് ശക്തവും ധീരവുമായ കാലത്തോളം, ഞാനും ശക്തനും ധീരനുമായിരിക്കും’, മൻമോഹനെയും സോണിയയെയും കണ്ടശേഷം പി ചിദംബരം

കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ സന്ദർശിച്ചിരുന്നു.

കോണ്‍ഗ്രസ് ശക്തമായി തുടരുന്ന കാലത്തോളം താൻ തന്നെ തളർത്താനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവർ തീഹാർ ജയിലിൽ  ചിദംബരത്തെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ട്വിറ്ററിൽ അദ്ദേഹത്തിന്റെ പ്രതികരണം. ഐ.എന്‍.എക്‌സ് മീഡിയ അഴിമതികേസിൽ അറസ്റ്റിലായി സെപ്തംബര്‍ 5 മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ ഇതാദ്യമായാണ് ഇരുവരും സന്ദർശിച്ചത്. ജയിലിൽ കഴിയുന്ന ചിദംബരത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തത്.

‘എനിക്ക് വേണ്ടി ട്വീറ്റ് ചെയ്യാൻ ഞാൻ എന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു: ശ്രീമതി. സോണിയ ഗാന്ധിയും ഡോ. മൻ‌മോഹൻ സിങ്ങും ഇന്ന് എന്നെ സന്ദർശിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തവും ധീരവുമായി കാലം ഞാനും ശക്തനും ധീരനുമായിരിക്കും’. എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

‘ഇന്ത്യയിൽ എല്ലാത്തിനും നല്ല കാലമാണ്. തൊഴിലില്ലായ്മ, നിലവിലുള്ള തൊഴിൽ നഷ്ടം, കുറഞ്ഞ വേതനം, ആൾക്കൂട്ട അക്രമം, കാശ്മീരിൽ സംഭവങ്ങൾ, പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കൽ എന്നിവയൊഴികെ’. മറ്റൊരു ട്വീറ്റിൽ ചിദംബരം കുറ്റപ്പെടുത്തുന്നു.

അതേസമയം, പി ചിദംബരത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ചിദംബരവും ഡോ. സിങ്ങും സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് ദീർഘനേരം ചർച്ച നടത്തിയെന്നും കോൺഗ്രസ് നേതാക്കൾക്കൊപ്പം അദ്ദേഹത്തെ സന്ദർശിച്ച മകൻ കാർത്തി ചിദംബരം പ്രതികരിച്ചു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ സന്ദർശിച്ചിരുന്നു.

മുൻ മന്ത്രിയും 74 കാരനുമായ ചിദംബരത്തെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. കേസിൽ പി ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ജയിലിലെത്തിയത്. ഒക്ടോബർ 3 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി. മകൻ കാര്‍ത്തി ചിദംബരവും അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചിരുന്നു.

ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു നടപടി സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

അതിനിടെ ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍