UPDATES

കാശ്മീര്‍ പ്രശ്‌നവുമായി യുഎന്‍ രക്ഷാസമിതിക്ക് മുന്നിലെത്തിയ പാകിസ്താനോട് പോളണ്ട് – ഇന്ത്യയുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചാല്‍ മതി

ഭരണഘടനാനുസൃതമായ നടപടിയാണ് ഇന്ത്യ കാശ്മീരില്‍ സ്വകരിച്ചത് എന്നാണ് രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യയുടെ വാദം.

കാശ്മീര്‍ പ്രശ്‌നവുമായി യുഎന്‍ രക്ഷാസമിതിക്ക് മുന്നിലെത്തിയ പാകിസ്താന് തിരിച്ചടി. പാകിസ്താനും ഇന്ത്യയും ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണമമെന്നാണ് രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് ആവശ്യപ്പെട്ടത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രൂക്ഷമായ നയതന്ത്ര സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് പോളണ്ട് പ്രതികരിച്ചത്.

കാശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കിയതില്‍, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഭരണഘടനാനുസൃതമായ നടപടിയാണ് ഇന്ത്യ കാശ്മീരില്‍ സ്വകരിച്ചത് എന്നാണ് രക്ഷാസമിതിയിലെ മറ്റൊരു സ്ഥിരാംഗമായ റഷ്യയുടെ വാദം. എല്ലാ മാസവും രക്ഷാസമിതി അധ്യക്ഷ പദവി മാറും. ഈ മാസം പോളണ്ട് ആണ് രക്ഷാസമിതി അധ്യക്ഷ പദവി വഹിക്കുന്നത്.

വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നേരത്തെ ഡല്‍ഹിയില്‍ കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം പോളിഷ് വിദേശകാര്യ മന്ത്രി ജാസെക് സാപുടോവിക്‌സുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും കാശ്മീര്‍ പ്രശ്‌നത്തിന് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ എന്ന് ഇന്ത്യയിലെ പോളിഷ് അംബാസഡര്‍ ആഡം ബുറാകോവ്‌സ്‌കി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള സമാധാന ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. അതേസമയം കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്കയുണ്ട് എന്നും പോളിഷ് അംബാസഡര്‍ പറഞ്ഞു.

1972ലെ ഷിംല കരാറിനും 1999ലെ ലാഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി ഇന്ത്യയും പാകിസ്താനും കാശ്മീര്‍ പ്രശ്‌നത്തിന് ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക എന്ന ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് പോളണ്ടിന്റെ നിലപാട്. വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ ഇടപെടല്‍ പോളണ്ടിന്റെ നിലപാടില്‍ നിര്‍ണായകമായതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോ കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതോ അന്താരാഷ്ട്ര പ്രശ്‌നമല്ലെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ് എന്നും ജയശങ്കര്‍ വിശദീകരിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് കാശ്മീര്‍ വിഭജനമെന്ന് ജയശങ്കര്‍ പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ നേരത്തെ വിവാദമായിരുന്നു. കാശ്മീര്‍ പ്രശ്‌നത്തിലെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ നില സ്വീകരിച്ചു എന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി ഇത്തരമൊരു കാര്യം തന്നെ ട്രംപുമായി ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍