UPDATES

കാശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം: മോദിക്ക് ഇമ്രാന്‍ ഖാന്റെ കത്ത്

ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്കിടെ ഇമ്രാനുമായി മോദി ചര്‍ച്ച നടത്തില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ കത്ത്.

കാശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്. കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്കിടെ ഇമ്രാനുമായി മോദി ചര്‍ച്ച നടത്തില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ കത്ത്. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഖാന്‍ മോദിയുമായി ബന്ധപ്പെടുന്നത്. നേരത്തെ മോദിയെ ഇമ്രാന്‍ അഭിനന്ദനം അറിയിച്ചിരുന്നു. ഉപഭൂഖണ്ഡത്തിന്റെ വികസനത്തിനും മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ തമ്മില്‍ ചര്‍ച്ച അനിവാര്യമാണെന്നും ചര്‍ച്ച മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴി എന്നും ഇമ്രാന്‍ ഖാന്‍ പറയുന്നതായി പാകിസ്താനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇമ്രാന്‍ ഖാന്‍ നേരത്തെയും ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവത്തനം പാകിസ്താന്‍ തടയാതെ ചര്‍ച്ചയില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. ബിഷ്‌കെക് എസ് സി ഒ ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിക്ക് നല്ലത് എന്ന് കരുതുന്നതായി ഏപ്രിലില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ആണ് അധികാരത്തിലെത്തുന്നത് എങ്കില്‍ പാകിസ്താനുമായി ധാരണയിലെത്താന്‍ സമ്മര്‍ദ്ദങ്ങള്‍ മൂലം അവര്‍ മടിച്ചേക്കുമെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. 2016 ജനുവരിയിലെ പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ച നിര്‍ത്തിവച്ചിരിക്കുകയാണ് ഇന്ത്യ.

Also Read: വൈറസില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോക്ടര്‍ എറണാകുളത്ത് തിരക്കിലാണ്; രണ്ടാം നിപയെ പിടിച്ചുകെട്ടാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍