UPDATES

കാശ്മീര്‍ പ്രശ്‌നവുമായി ഇന്ത്യക്കെതിരെ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക്

യുഎന്‍ രക്ഷാസമിതില്‍ കാശ്മീര്‍ പ്രശ്‌നം പാകിസ്താന്‍ ഉന്നയിച്ചെങ്കിലും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ പങ്കുവച്ചത്.

കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് ഇന്ത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഇന്റര്‍നാഷണര്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) സമീപിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചു. പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി എആര്‍വൈ ന്യൂസ് ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് ഷാ ഖുറേഷി അവകാശപ്പെട്ടു. കാശ്മീരില്‍ ഇന്ത്യ വംശഹത്യ നടത്തുകയാണ് എന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത് എന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇന്‍ഫര്‍മേഷന്‍ സ്‌പെഷല്‍ അസിസ്റ്റന്റ് ഫിര്‍ദൂസ് ആഷിഖ് അവാന്‍ ആരോപിച്ചു.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെ തന്നെ പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുന്നതായി പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അതിന്റെ ആണവായുധങ്ങളും ഫാഷിസ്റ്റുകളുടെ കയ്യിലാണെന്നും അത് പാകിസ്താനെതിരെ തിരിയുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

യുഎന്‍ രക്ഷാസമിതില്‍ കാശ്മീര്‍ പ്രശ്‌നം പാകിസ്താന്‍ ഉന്നയിച്ചെങ്കിലും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ പങ്കുവച്ചത്. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

പാകിസ്താന്‍ അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ച നടത്തുകയാണ് എങ്കില്‍ ഇനി അത് പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍