UPDATES

പാലായില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി – 71 ശതമാനം പോളിംഗ്‌

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 77.25 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നത്.

നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 71.43 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസിന്റെ ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍സിപിയുടെ മാണി സി കാപ്പനും തമ്മിലാണ് പ്രധാന മത്സരം. നാളെ ഫലം പുറത്തുവരും. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 77.25 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറികള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ഉറച്ച യുഡിഎഫ് കോട്ടയ്ക്ക് ഇളക്കമുണ്ടാകില്ല എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി യുഡിഎഫിനെതിരെ എല്‍ഡിഎഫും, കിഫ്ബിയിലെ അഴിമതി ആരോപണം അടക്കമുള്ളവ എല്‍ഡിഎഫിനെതിരെ യുഡിഎഫും പ്രചാരണത്തില്‍ ഉപയോഗിച്ചിരുന്നു.

സിറ്റിംഗ് എംഎല്‍എയായിരുന്ന മുന്‍ മന്ത്രി കെ എം മാണിയുടെ മരണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടു്പ് നടക്കുന്നത്. മണ്ഡലം രൂപീകരിച്ചത് മുതല്‍ ഒരേ പാര്‍ട്ടിയും ഒരേ വ്യക്തിയും ജയിച്ച മണ്ഡലം എന്ന പ്രത്യേകത പാലായ്ക്കുണ്ട്. 1965 മുതല്‍ 2016 വരെയുള്ള എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും പാലായില്‍ ജയിച്ചത് കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനായ കെ എം മാണി മാത്രമാണ്.

കെ മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മിനെ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗമായും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗമായും ഭിന്നിപ്പിച്ചിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോമിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ജോസഫ് ഗ്രൂപ്പ്, പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും രണ്ടില ചിഹ്നവും തങ്ങള്‍ക്ക് കിട്ടിയ സാഹചര്യത്തില്‍ ജോസ് ടോമിന് പിന്തുണ നല്‍കി വിമതനെ പിന്‍വലിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍