UPDATES

ട്രെന്‍ഡിങ്ങ്

‘പാലാ സീറ്റ് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം’; സ്ഥാനാർത്ഥി നിഷ തന്നെയെന്ന് സൂചന നൽകി റോഷി അഗസ്റ്റിൻ

കീഴ്‌വഴക്കം മാറ്റേണ്ട സാഹചര്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സിറ്റിങ് സീറ്റായ പാലായിലെ സ്ഥാനാർത്ഥിയെ ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ തര്‍ക്കം പരസ്യമാവുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്‍റെ വാദം തള്ളി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിതാണ് ഏറ്റവും പുതിയ സംഭവം.

കെ എം മാണി 50 വർഷക്കാലം പ്രതിനിധീകരിച്ച സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സ്ഥാനാർത്ഥി ആരാണെന്നും സീറ്റ് ആര്‍ക്കാണെന്നും എല്ലാവര്‍ക്കും അറിയാം. അതില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പിജെ ജോസഫിനെ അല്ല സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെയെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കുന്നു.

പാർട്ടി യോഗം ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ തന്നെ ചുമതലപ്പെടുത്തിയെന്നും പാലായിൽ വിജയ സാധ്യതക്കാണ് മുഖ്യപരിഗണനയെന്നുമായിരുന്നു പി ജെ ജോസഫ് ഇന്നലെ പറഞ്ഞത്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും പാർട്ടി യോഗം ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ തന്നെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞടുപ്പുകളിലെയും ഫലമാണ് സ്ഥാനാർത്ഥി നിർണയത്തിന് പരിഗണിക്കുക. ആരുടെയും പേരുകളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നുമായിരുന്നും പി ജെ ജോസഫിന്റെ നിലപാട്.

അതിനിടെ, പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് എം ആണ് മത്സരിക്കുന്നത്. ഈ കീഴ്‌വഴക്കം മാറ്റേണ്ട സാഹചര്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, പാലാ സീറ്റ് സംബന്ധിച്ച് ജോസ് കെ മാണി പിജെ ജോസഫ് പക്ഷങ്ങൾ തുറന്ന പോരിലേക്കെന്ന് ഇരുപക്ഷത്തു നിന്നുള്ളവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുമ്പോൾ ഇക്കാര്യം യുഡിഎഫിനും തലവേദനയാവും. ഇരുപക്ഷത്തേയും ഒപ്പം നിർത്താനുള്ള സമവായ ഫോർമുല എന്താകണമെന്നതാണ് യുഡിഎഫിനെ വലയ്ക്കുന്നത്.  ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന.

അതേസമയം, ഇടത് പക്ഷത്തിന് വേണ്ടി പാലാ സീറ്റിൽ മാണി സി കാപ്പൻ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ കെഎം മാണിയെ വെറും 4703 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തളയ്ക്കാനയ പോരാട്ട വീര്യം തന്നെയാണ് മാണി സി കാപ്പന് തുണയാവുന്നത്. സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ഇതിനോടകം തള്ളിയിട്ടുമുണ്ട്.

അതിനിടെ, പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ജോർജ്ജ് വ്യക്തമാക്കിയതോടെ എൻഡിഎ സ്ഥാനാർത്ഥിയായി പി സി തോമസും സ്ഥാനാർത്ഥിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തവണ ഇരുപതിനായിരത്തിൽ അധികം വോട്ടുകൾ നേടി വലിയ മുന്നേറ്റം നടത്തിയ ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെ പേരും സജീവ പരിഗണനയിലുണ്ട്.

Also Read:“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍