UPDATES

സ്ഥാനാർത്ഥി ഇന്ന് തന്നെയെന്ന് ജോസ് കെ മാണി, സമയം വേണമെന്ന് ജോസഫ്; യുഡിഎഫിന് പാല കീറാമുട്ടിയാവുന്നു

സമവായത്തിലെത്താൻ യുഡിഎഫ് നേതാക്കൾ ഇരുവിഭാഗവുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥി ഇന്നുതന്നെയുണ്ടാകുമെന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ച് നിൽക്കുമ്പോൾ ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നുമാണ് പി ജെ ജോസഫിന്റെ നിലപാട്. ഇന്നലെ യുഡിഎഫ് ഉപസമിതി വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭിന്നത പരസ്യമാക്കി രണ്ട് നേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും. ഏകപക്ഷീയ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല. കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തും. കേരള കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മൽസരിക്കുമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

എന്നാൽ, സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പി ജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യം തീരുമാനിക്കാന്‍ സമയം വേണമെന്നും വ്യക്തമാക്കുകയായിരുന്നു.

അതിനിടെ, പാലായിലെ സ്ഥാനാർത്ഥി നിഷ ജോസ് കെ മാണി തന്നെ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം സംബന്ധിച്ച് തർക്കം മുറുകുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുൻപാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് വീണ്ടും യോഗം ചേർന്ന് സ്ഥാനാർത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് ജോസ് കെ മാണിയെ തള്ളി വീണ്ടുമെത്തിയത്.

സ്ഥാനാർത്ഥി നിർണയം വൈകുന്നത് യുഡിഎഫ് ക്യാംപിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മൽസരിക്കണമെന്നാണ് അഗ്രഹമെന്ന ഇന്നലെ യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു. തർക്കങ്ങൾ ഇന്ന് തന്നെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. സമവായത്തിലെത്താൻ യുഡിഎഫ് നേതാക്കൾ ഇരുവിഭാഗവുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read More- ‘എന്തുകൊണ്ട് അടുക്കളയില്‍ കയറില്ല? ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും…’-ഭവനഭേദനത്തിന്റെ ‘എന്‍ജിനിയറിങ്’ വിശദീകരിച്ച് ഒരു മുന്‍ കള്ളന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍