UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പികെ ശശിക്കെതിരായ പരാതി ഒതുക്കിയവരെ നിലനിർത്തി ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി

അഡ്വ.കെ.പ്രേകുമാര്‍ സെക്രട്ടറിയായും ടി.എം ശശി പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തില്‍ മാറ്റമില്ല. അഡ്വ.കെ.പ്രേകുമാര്‍ സെക്രട്ടറിയായും ടി.എം ശശി പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം.രാജേഷ് ആലത്തൂരാണ് ട്രഷറര്‍. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പി കെ ശശി എംഎല്‍എ അനുകൂലികളായവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റി അംഗം കൂടിയായ യുവതിയുടെ പരാതി വേണ്ട രീതിയില്‍ ജില്ലാ നേതൃത്വം പരിഗണിച്ചില്ല എന്ന വിമര്‍ശനം മുമ്പ് തന്നെ ഉയര്‍ന്നിരുന്നു. ജില്ലാ സമ്മേളനത്തില്‍ ഇക്കാര്യം ചില പ്രവര്‍ത്തകര്‍ ശക്തമായി ഉന്നയിക്കുകയും ചെയ്തു. ഞായറാഴ്ച സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. നിലവില്‍ ജില്ലാ കമ്മറ്റിയിലുള്ള ചിലരുടെ പേരുകള്‍ ചര്‍ച്ചയായി. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കാതായതോടെ നിലവിലെ നേതൃത്വം തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പി കെ ശശിയ്‌ക്കെതിരെയുള്ള പരാതി വന്നപ്പോള്‍ പിന്തുണ നല്‍കിയില്ല, പരാതി ഒതുക്കാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങള്‍ നേരിടുന്നവരാണ് ജില്ലാ നേതൃത്വം. എന്നാല്‍ അവര്‍ തന്നെ വീണ്ടും നേതൃനിരയില്‍ വരുമ്പോള്‍ യുവതിക്ക് എത്രത്തോളം നീതി ലഭിക്കുമെന്ന സംശയമാണ് സംഘടനയിലെ പലരും ഉന്നയിക്കുന്നത്.

പി കെ ശശി വിഷയം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുവതിയുടെ പരാതി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത് സംസ്ഥാന സെക്രട്ടറി എം സ്വരാജ് വിലക്കിയിരുന്നു. എന്നാല്‍ ആ വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് സമ്മേളനത്തില്‍ സംഘടനാ പ്രതിനിധി ചോദ്യം ചെയ്തു എന്നാണ് അറിവ്. സമ്മേളനത്തില്‍ എന്ത് ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന കമ്മറ്റി അല്ല തീരുമാനിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയും വിമര്‍ശനങ്ങളുണ്ടായി. ഡിവൈഎഫ്‌ഐ സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് പരാതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എം സ്വരാജ് പറയുകയായിരുന്നു എന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധി പറയുന്നു. സംഘടനയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളുമായി മുമ്പോട്ട് പോകാം എന്നായിരുന്നു സ്വരാജിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം ലഭിച്ചിട്ടും എട്ട് ബ്ലോക്കുകളില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതെ മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധം ഉയര്‍ത്തി.  ഇത്തരത്തില്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ജില്ലാ നേതൃത്വത്തെ അതേപടി തുടരാന്‍ നിര്‍ദ്ദേശിച്ചത് പരാതി നല്‍കിയ യുവതിക്കും അവരെ പിന്തുണക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്കും വലിയ തിരിച്ചടിയായാണ് ചില പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്.

പാര്‍ട്ടി ശശിക്കൊപ്പമോ? പികെ ശശിയോടൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രിയുടെയും എകെ ബാലന്റെയും നടപടിക്കെതിരെ പ്രതിഷേധം

സാലറി ചാലഞ്ച്: സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ നീക്കമുണ്ടാക്കിയ പ്രതികൂല വിധി

ശശിക്കെതിരായ പരാതി: പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം; മനുഷ്യര്‍ക്ക് തെറ്റ് പറ്റുമെന്ന് എംസി ജോസഫൈന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍