UPDATES

പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവില്ല, സംരക്ഷണമൊരുക്കി പികെ കുഞ്ഞാലിക്കുട്ടി

കേസിനെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ചിരുന്നു. രേഖാമൂലം ഒന്നുമില്ലെന്നാണ് അറിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പാലരാരിവട്ടം പാലം അഴിമതികേസിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ കേസിൽ അറസ്റ്റിലായ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. കേസിനെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ചിരുന്നു. രേഖാമൂലം ഒന്നുമില്ലെന്നാണ് അറിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. നിരപരാധിയായതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിന് നിരപരാധിത്വം തെളിയിക്കാന്‍ യുഡിഎഫ് എല്ലാ പിന്തുണയും നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എന്നാൽ ഇബ്രാഹിം കുഞ്ഞിനെ സര്‍ക്കാര്‍ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, പാല തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലാരിവട്ടം പാലം നിർമാണത്തിനിടെ കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് പൊതുമരാമത്ത് മന്ത്രിയാണെന്നായിരുന്നു ടി ഒ സൂരജിന്റെ ആരോപണം. ജാമ്യാപേക്ഷയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മുൻ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കരാറുകാരന് മുന്‍കൂറായി പലിശയില്ലാതെ പണം നല്‍കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നും സൂരജ് പറയുന്നു. മന്ത്രിയുടെ ഈ നിര്‍ദേശത്തെ താൻ എതിര്‍ത്തിരുന്നെന്നും ആദ്യ നാലു ബില്ലുകളില്‍ നിന്ന് പണം പലിശയും ഈടാക്കി തിരിച്ചുപിടിച്ചതായും അദ്ദേഹം സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കുന്നു.

അതേസമയം പാലാരിവട്ടം പാലത്തിനുണ്ടായത് സാങ്കേതിക പിഴവ് മാത്രമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലെന്നും ടി ഒ സൂരജിന്റെ ആരപണത്തിന് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞു. ഇടപ്പള്ളി പാലത്തിനായും ഇത്തരത്തിൽ പണം കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ല. സർക്കാരും ഇ ശ്രീധരനും എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നുമാരുന്നു അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍