UPDATES

ട്രെന്‍ഡിങ്ങ്

‘ഉത്തരവിട്ടത് ഇബ്രാഹിം കു‍ഞ്ഞ്, ശുപാർശ മുഹമ്മദ് ഹനീഷിന്റേത്’; കൂടുതൽ വെളിപ്പെടുത്തലുമായി ടി ഒ സൂരജ്

റിമാൻഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും

പാലാരിവട്ടം പാലം അഴിമതികേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ആവര്‍ത്തിച്ച ടി ഒ സൂരജ്, റോഡ്സ് അൻഡ് ബ്രിഡ്ജസ്  കോർപറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിനതിരെയും രംഗത്തെത്തി.

ടി ഒ സൂരജ് ഉൾപ്പെടെയുള്ള നാല് പ്രതികള‍ുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കുന്നതിനായ കൊണ്ടു പോവുന്നതിനിടെയായിരുന്നു ടി ഒ സൂരജിന്റെ പ്രതികരണം. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സൂരജ് പ്രതികരിച്ചത്.

“പാലാരിവട്ടം പാലം പണിക്ക് കരാറുകാരന് തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രി. ശുപാർശ അന്നത്തെ റോഡ്സ് അൻഡ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷിന്റെത്” എന്നായിരുന്നു ടി.ഒ സൂരജ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലും ടി.ഒ സൂരജ് ആരോപണം ഉന്നയിച്ചിരുന്നു. കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് പൊതുമരാമത്ത് മന്ത്രിയാണെന്നായിരുന്നു സൂരജിന്റെ പ്രധാന ആരോപണം. കരാറുകാരന് മുന്‍കൂറായി പലിശയില്ലാതെ പണം നല്‍കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നും സൂരജ് പറയുന്നു. മന്ത്രിയുടെ ഈ നിര്‍ദേശത്തെ താൻ എതിര്‍ത്തിരുന്നെന്നും ആദ്യ നാലു ബില്ലുകളില്‍ നിന്ന് പണം പലിശയും ഈടാക്കി തിരിച്ചുപിടിച്ചതായും അദ്ദേഹം സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

റിമാൻഡ് പുതുക്കുന്നതിനായാണ് പ്രതികളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലേക്ക് സൂരജ് അടക്കമുള്ളവരെ കൊണ്ടുവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍