UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലാരിവട്ടം പാലം: അന്വേഷണം തടയാൻ താൽപര്യമില്ലെന്ന് ഹൈക്കോടതി, ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്

അന്വേഷണ പുരോഗതി അറിയിക്കാൻ കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശം

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസ്. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ജയിലില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

പാലാരിവട്ടം കേസിൽ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് മൊഴിനല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ ആവശ്യവുമായി വിജിലന്‍സ് കോടതിയെ സമീപിക്കുന്നത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.

അതേസമയം, പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച കേസിൽ അന്വേഷണം തടയാൻ താൽപര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതികൾ സമർപ്പിച്ച ജാമ്യം ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെ പ്രതികളുടെ അഭിഭാഷകർ സൂചിപ്പിച്ചപ്പോഴായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.

പാലാരിവട്ടം പാലം പൊളിക്കാൻ തീരുമാനിച്ചെന്നത് വസ്തുതയല്ലേ എന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. ഈ സമയം ഗുരുതരമായ സാങ്കേതിക പിഴവുണ്ടെന്നും പൊളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. എന്നാൽ സർക്കാർ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതതെന്ന് ടി ഒ സൂരജിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ വിശദമായ വാദം കേൾക്കാനും അന്വേഷണ പുരോഗതി അറിയിക്കാൻ കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചത്. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിക്കൊപ്പം നൽകിയ സത്യവാങ്ങ് മൂലത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞ് മുഹമ്മദ് ഹനീഷ് എന്നിവർക്കെതിരെ സൂരജ് രംഗത്തെത്തിയത്. പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞായിരുന്നെന്നും ടി ഒ സൂരജ് ആരോപിച്ചിരുന്നു.

ഇതിന് പുറമെയാണ് അഴിമതി സംബന്ധിച്ച ഗൂഢാലോചനയിൽ ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വിജിലന്‍സിന്റെ നിലപാട്. ഇക്കാര്യം നേരത്തെ ഹൈക്കോടതിയിലും വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതിയായ ആര്‍ഡിഎസ് പ്രൊജക്ടിന്റെ എംഡി സുമിത് ഗോയലാണ് ഗൂഢാലോചനയുടെ കേന്ദ്രം. ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ക്ക് അറിയാമെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍