UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലാരിവട്ടം അഴിമതി: ഹോസ്റ്റലില്‍ തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ്, അറസ്റ്റിന് അനുമതി തേടിയില്ലെന്ന് സ്പീക്കര്‍

കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റു ചെയ്യുന്നതിനോ ആരും ഇതുവരെ അനുമതി തേടിയിട്ടില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
പാലാരിവട്ടം കേസിൽ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചതിന് പിന്നാലെ മുൻമന്ത്രിയും എം.എൽ.എ.യുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് തിരുവനന്തപുരത്തെ എം.എൽ.എ. ഹോസ്റ്റലിൽ തുടരുന്നതിനിടെയാണ് സ്പീക്കറുടെ പ്രതികരണം.

അതേസമയം, എംഎൽഎക്കെതിരായ നടപടിക്ക് തന്റെ അനുമതി ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. നിയമസഭാ മന്ദിരത്തിൽ നിന്നോ, എംഎൽഎ ഹോസ്റ്റലില്‍ നിന്നോ അറസ്റ്റു ചെയ്യുന്നതിനു മാത്രമെ അനുമതി ആവശ്യമുള്ളൂ. ഇതിനായി തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അതിനിടെ, പാലാരിവട്ടം പാലം സംബന്ധിച്ച കേസ് പാലാ ഉപതിരഞ്ഞെടുപ്പിലും ഉയർത്തുകയാണ് ഇരുമുന്നണികളും. പാലാരിവട്ടം കേസിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാലായിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കുന്നത്. അഴിമതി ആരുകാണിച്ചാലും സംരക്ഷിക്കില്ല. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. അതു പോരാ. അഴിമതി ഒട്ടുമില്ലാത്ത സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

എന്നാൽ, എം.എൽ.എ.ക്കെതിരേയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണമാണ് യു.ഡി.എഫ് ഉയര്‍ത്തുന്ന പ്രതിരോധം. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫും കരുതലോടൊണ് നീങ്ങുന്നത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലൻസ് ഇന്നലെ കോടതിയിലും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് യുഡിഎഫ് ക്യാംപ് കൂടുതൽ പ്രതിരോധവുമായി രംഗത്തെത്തിയത്.

നിരപരാധിത്വം തെളിയിക്കാൻ വി.കെ. ഇബ്രാഹിം കുഞ്ഞിന് യു.ഡി.എഫ്. എല്ലാ പിന്തുണയും നൽകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രേഖാപരമായി ഇബ്രാഹിംകുഞ്ഞിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നു പാർട്ടിയുടെ പരിശോധനയിൽ വ്യക്തമായെന്നും. ആരോപണം ആർക്കും ഉന്നയിക്കാം. അതൊന്നും വസ്തുതയല്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍