UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജസ്ന എവിടെയാണ്’; കാണാതായി ഒരുവര്‍ഷം പിന്നിട്ടിട്ടും ഉത്തമില്ലാത്ത ചോദ്യം

ജെസ്ന തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബം.

കേരളം ഏറെ ചർച്ചചെയ്ത പത്തനംതിട്ടയിലെ ജസ്നയെ കാണാതായിട്ട് ഒരുവർഷം. ലോക്കൽ പോലീസ് മുതൽ ക്രൈം ബ്രാഞ്ച് വരെ അന്വേഷിച്ചിട്ടും കാഞ്ഞിരപ്പള്ളി  ബിരുദ വിദ്യാർഥിയായിരുന്ന ജസ്നയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വർഷം മാർച്ച് 22 നാണ് വീട്ടിൽ നിന്നും  മുണ്ടക്കയത്തേക്ക് പോയ ജസ്നയെ കാണാതാവുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. മുക്കൂട്ടുതറ ​കൊല്ലമുള​കുന്നത്ത് ജയിംസിന്റെ​ ​മകളായ ജസ്ന ​കാഞ്ഞിരപ്പളളി​ ​സെന്റ് ​ഡൊമിനിക് ​കോളേജിൽ ​ബി.കോം​വിദ്യാർത്ഥിനിയുമായിരുന്നു.

പത്തനംതിട്ടയില്‍ നിന്നും മുണ്ടക്കയം പുഞ്ചവയലിലേക്ക് പുറപ്പെട്ട ജസ്ന എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്നത് മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ള വ്യക്തമായ വിവരം. പന്നീട് എല്ലാം വെറു ഊഹങ്ങൾ മാത്രം. സഹപാഠികൾ, സുഹൃത്തുക്കൾ നാട്ടുകാർ തുടങ്ങി നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുകയും കേരളത്തിന് പുറത്തേക്കുള്‍പ്പെടെ അന്വേഷണം വ്യാപിക്കുകയും ചെയ്തെങ്കിലും ജസ്നയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നൽകുകയായിന്നു.

ലോക്കൽ​ പൊലീസും​ഐ.ജി​​ മനോജ് ​എബ്രഹാമിന്റെ പ്രത്യേക സംഘവും അന്വേഷിച്ച ശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. നിലവിൽ​പത്തനംതിട്ട​ക്രൈംബ്രാ​ഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ചൂണ്ടിക്കാട്ടി സഹോദരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം നാലുമാസം മുൻപ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

കോട്ടയം, ​ഇടുക്കി,​ ​പത്തനംതിട്ട​വനമേഖലയിൽ ആയിരുന്നു ആദ്യ ദിവസങ്ങളിലെ തിരച്ചിൽ. പിന്നീട് അനാഥാലയങ്ങളിലും​അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതാണെന്നും റിപ്പോർട്ടുകളുണ്ടായി. ജസ്നയുടേത് പോലെ കണ്ണട ധരിച്ച പെൺകുട്ടിയുടേതായിരുന്നു മൃതദേഹം. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഇത് തമിഴ്നാട് സ്വദേശിനിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനിടെ സഹോദരന്റെ പരാതിയിൽ ജസ്നയുടെ ആൺസുഹൃത്തിനെ അന്വേഷണ സംഘം പല തവണ ചോദ്യം ചെയ്തു. കാണാതാവുന്നതിന് മുൻപുള്ള ദിവസങ്ങളിൽ നിരവധി തവണയാണ് ഈ സുഹൃത്തുമായി ജസ്ന ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.

നിരവധി അഭ്യുഹങ്ങളായിരുന്നു കേസുമായി ബന്ധപ്പെട്ട് ഉയർന്നത്. ജസ്നയെ ബംഗളൂരുവിൽ‌ കണ്ടെന്ന് റിപ്പോർട്ടിനെതുടർന്ന് അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു. കുടക്, മൈസൂർ ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഗോവയിലും സംഘം തിരച്ചിൽ നടത്തി. ബംഗളൂരു മെട്രോയിൽ വച്ച് ജസ്നയെ കണ്ടെന്നായിരുന്നു റിപ്പോർട്ട് അശ്വാസത്തിന് വഴിവച്ചെങ്കിലും ഇത് ജസ്നയല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതിനിടെ ജെസ്‌നയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടും സഹായകരമായ യാതൊരുതുമ്പും ലഭിച്ചില്ല.  എന്നാല്‍ കാണാതായ ഒരാൾക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനായില്ലെന്ന നാണക്കേടിൽ എത്തി നിൽക്കെ തന്നെ കേസ്  അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. അതേസമയം, ജെസ്ന തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍