UPDATES

ജാതി അധിക്ഷേപം മൂലം ജീവനൊടുക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡോ.പായല്‍ താഡ്വിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ആത്മഹത്യക്കുറിപ്പ് കണ്ടെത്താന്‍ കഴിയാതിരുന്നത് കേസ് അന്വേഷണത്തെ ബാധിച്ചിരുന്നു. പ്രതികളാണ് ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചത് എന്ന് പൊലീസ് കരുതുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോക്ടര്‍മാരുടെ മാനസിക പീഡനത്തേയും ജാതി അധിക്ഷേപത്തേയും തുടര്‍ന്ന് ജീവനൊടുക്കിയ ഗൈനക്കോളജി വിദ്യാര്‍ത്ഥിനി ഡോ.പായല്‍ താഡ്വിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആത്മഹത്യക്കുറിപ്പിന്റെ ഫോട്ടോകള്‍ പായലിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പ് കണ്ടെത്താന്‍ കഴിയാതിരുന്നത് കേസ് അന്വേഷണത്തെ ബാധിച്ചിരുന്നു.

പായലിന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്ന ഫോട്ടോകള്‍ ഫോറന്‍സിക് ലാബ് വീണ്ടെടുക്കുകയായിരുന്നു. പ്രതികളാണ് ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചത് എന്ന് പൊലീസ് കരുതുന്നു. രണ്ട് പ്രതികള്‍ പായല്‍ താഡ്വിയുടെ റൂമില്‍ മൂന്ന് മിനുട്ടോളം ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളിലൊരാളായ ഹേമ അഹുജയുടെ കോള്‍ ആണ് പായലിന്റെ മരണത്തിന് 121 സെക്കന്റ് മുമ്പ് അവസാനമായി ഫോണില്‍ വന്നിരിക്കുന്നത്.

ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ത്ഥി പായലിനെ മേയ് 22നാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ജാതി അധിക്ഷേപത്തേയും മാനസിക പീഡനത്തേയും തുടര്‍ന്നാണ് പായല്‍ ജീവനൊടുക്കിയത് എന്നാണ് അമ്മ ആബിദ താഡ്വി പരാതിയില്‍ പറഞ്ഞിരുന്നത്. ഭില്‍ എന്ന ആദിവാസി മുസ്ലീം സമുദായത്തില്‍ പെട്ടയാളാണ് പായല്‍ താഡ്വി.

ഹേമ അഹൂജ, അങ്കിത ഖണ്ഡേല്‍വാള്‍, ഭക്തി മെഹറെ എന്നീ സീനിയര്‍ വിദ്യാര്‍ത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ ജുഡീഷ്യല്‍ കസ്റ്റിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ജോലിയിലെ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെയാണ് പായല്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രതികളുടെ വാദം. അതേസമയം രണ്ടാഴ്ചക്കകം കേസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലായ് 16ലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍