UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയ ഇരട്ട കൊലപാതകം: സിപിഎം നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്

കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്

കാസറഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചത് ആരോപണ വിധേയരായ സിപിഎം നേതാക്കളെ പരാമർശിക്കാതെയുള്ള റിപ്പോർട്ട്.  കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബന്ധുക്കൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചത്.

സിപിഎം നേതൃത്വത്തിന് എതിരായ ആരോപണങ്ങളില്‍ വസ്തുതയില്ല. കേസിലെ പ്രതി സജി ജോര്‍ജ്ജിനെ കെവി കുഞ്ഞിരാമന്‍ സഹായിച്ചതിന് തെളിവില്ലെന്നും വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് സിപിഎം ജില്ലാ നേതൃത്വത്തിന് കല്യോട്ടെ കോണ്‍ഗ്രസുകാരുമായി വിരോധമുണ്ടെന്ന വാദം തെറ്റെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിപിപി മുസ്തഫയുടെ പ്രസംഗത്തിന് തെളിവില്ലെന്നും  ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്നെ മര്‍ദിച്ചതിലുള്ള വിരോധം മൂലം അടുപ്പമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുകയായിരുന്നെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാർ സമർപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാൽ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി.

കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.  പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സജി സി ജോർജ്, സുരേഷ്, അനിൽ കുമാർ, ​ഗിജിൻ, ശ്രീരാ​ഗ്, അശ്വിൻ, സുബീഷ്, മുരളി, ര‍ഞ്ജിത്ത്, പ്രദീപൻ, മണികഠ്ണൻ, ബാലകൃഷ്ണൻ എൻ, മണികഠ്ണൻ ബി എന്നിവരാണ് മറ്റ് പ്രതികൾ. ശരീരമാസകലം വെട്ടേറ്റ് ശരത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍