UPDATES

‘വ്യാജ വാര്‍ത്തകള്‍’ തടയാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വരുന്നു

ഫാക്ട് ചെക്കിംഗ് യൂണിറ്റിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി നല്‍കി.

സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും നേരിടുന്നതിനുമായി പ്രസ് ഇഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഒരു ഫാക്ട് ചെക്കിംഗ് യൂണിറ്റ് തുടങ്ങുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാക്ട് ചെക്കിംഗ് യൂണിറ്റിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി നല്‍കി. ആഴ്ചകള്‍ക്കകം തന്നെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായേക്കും. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താനുള്ള ട്രാക്കിംഗ് നടത്തുന്നത് സംബന്ധിച്ച് വിശദവിവരങ്ങള്‍ ലഭ്യമല്ല.

ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയില്‍ വരുന്ന വാര്‍ത്തകളും യൂ ടൂബില്‍ പ്രചരിക്കുന്ന വിവരങ്ങളും പരിശോധിക്കും. പിഐബിയിലെ ഉദ്യോഗസ്ഥരും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരുമായിരിക്കും ഫാക്ട് ചെക്കിംഗ് യൂണിറ്റിലുണ്ടാവുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏത് തരം നിയമ, ശിക്ഷാ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 650 പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ട്വിറ്റര്‍ ഇത്തരത്തിലുള്ള 220 പോസ്റ്റുകളും ഷെയര്‍ ചാറ്റ് 31 പോസ്റ്റുകളും ഗൂഗിള്‍ അഞ്ച് പോസ്റ്റുകളും വാട്‌സ് ആപ്പ് മൂന്ന് പോസ്റ്റുകളും നീക്കം ചെയ്തു. ഫില്‍ട്ടറിംഗ് സംവിധാനം കുറവായ വാട്‌സ് ആപ്പ് വഴിയാണ് ഏറ്റവുമധികം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍