UPDATES

ട്രെന്‍ഡിങ്ങ്

ജോസ് കെ മാണിയെ വെട്ടി പിജെ ജോസഫ്; പാര്‍ട്ടി ചെയര്‍മാന്‍ താനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ജോസഫ് ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല – വാര്‍ത്താസമ്മേളനത്തില്‍ റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പിജെ ജോസഫ് ആണ് എന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിയുടെ കത്ത്. സംഘടനാചുമതലയുള്ള ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണം എന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള മാണി വിഭാഗം ആവശ്യപ്പെടുന്നതിന് ഇടയിലാണ് ജോസഫിന്റെ നീക്കം. സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. മാണി വിഭാഗക്കാരനായ ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത് എന്നതാണ് ശ്രദ്ധേയം.

പാര്‍ട്ടി ചെയര്‍മാനായിരുന്ന കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിരുന്ന പിജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചിരുന്നു. അതേസമയം ഈ നീക്കം പാര്‍ട്ടി ഭരണഘടനയ്ക്ക വിരുദ്ധമാണ് എന്ന് മാണി വിഭാഗം നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു. കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ജോസഫ് ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല – വാര്‍ത്താസമ്മേളനത്തില്‍ റോഷി അഗസ്റ്റിന്‍ പറഞ്ഞു.

നേരത്തെ ജോസഫിന് അനുകൂലമായി ഒരു സര്‍ക്കുലര്‍ ജോയ് എബ്രഹാം ഇറക്കിയിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍ മരിച്ചാലോ, ചെയര്‍മാമാന്റെ അഭാവത്തിലോ വര്‍ക്കിംഗ് ചെയര്‍മാന്‍ ചെയര്‍മാന്‍ ആകും എന്ന് ഈ സര്‍ക്കുലറില്‍ പറയുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ജോസഫ് വിഭാഗത്തിന് ഭൂരിപക്ഷമില്ല. എംഎല്‍എമാര്‍ക്കിടയിലും ഇരു വിഭാഗങ്ങളും ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും മാണി ഗ്രൂപ്പിനാണ് മുന്‍തൂക്കം. റോഷി അഗസ്റ്റിന് പുറമെ നിയുക്ത എംപിയും നിലവിലെ എംഎല്‍എയുമായ തോമസ് ചാഴിക്കാടന്‍, എന്‍ ജയരാജ് എന്നിവരും ജോസ് കെ മാണിക്കൊപ്പമാണ്. നേരത്തെ കേരള കോണ്‍ഗ്രസ് ജോസഫിലുണ്ടായിരുന്ന മോന്‍സ് ജോസഫ്, ജോസഫ് പക്ഷത്ത് തന്നെ നില്‍ക്കുന്നു. അതേസമയം കെഎം മാണിയുടെ വിശ്വസ്തനായിരുന്ന മുന്‍ മന്ത്രി സിഎഫ് തോമസ് നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജോസഫിന്റെ നീക്കം മാണി വിഭാഗത്തിന് ആഘാതമാണ്.

ഏറെക്കാലമായി കേരള കോണ്‍ഗ്രസ് എമ്മിലെ മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് വേണമെന്നും രണ്ട് സീറ്റ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന് ജോസഫ് നിര്‍ബന്ധം പിടിച്ചെങ്കിലും മാണി വഴങ്ങിയിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍