UPDATES

“കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടു, മധ്യസ്ഥത വഹിക്കാന്‍ യുഎസ് തയ്യാര്‍” എന്ന് ട്രംപ് ഇമ്രാന്‍ ഖാനോട്‌

എന്നാല്‍ കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയില്‍ ഇടനിലക്കാരോ മൂന്നാംകക്ഷിയോ വേണ്ട എന്നതാണ് 1947 മുതല്‍
ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നുപോന്ന നിലപാട്.

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും തങ്ങള്‍ ഇതിന് തയ്യാറാണ് എന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ പ്രഖ്യാപിത കാശ്മീര്‍ നയത്തിന് വിരുദ്ധമായ ആവശ്യം മോദി ഉന്നയിച്ചു എന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്.

രണ്ടാഴ്ച മുമ്പ് ഞാന്‍ മോദിക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. താങ്കളെ മധ്യസ്ഥനാക്കാന്‍ താല്‍പര്യപ്പെടുന്നു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അവര്‍ക്ക് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ താല്‍പര്യമുണ്ട്. താങ്കളും (ഇമ്രാന്‍ ഖാന്‍) ഇത് താല്‍പര്യപ്പെടുന്നുണ്ടാകുമല്ലോ. എനിക്ക് മധ്യസ്ഥനാകാന്‍ സന്തോഷമേയുള്ളൂ. ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും കഴിഞ്ഞ മാസം ജപ്പാനിലെ ഒസാകയില്‍ ജി 20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കാശ്മീരില്‍ മധ്യസ്ഥത വഹിക്കാം എന്ന വാഗ്ദാനം യുഎസ് നേരത്തെയും മുന്നോട്ടുവച്ചിട്ടുള്ളതാണ്. എന്നാല്‍ കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയില്‍ ഇടനിലക്കാരോ മൂന്നാംകക്ഷിയോ വേണ്ട എന്നതാണ് 1947 മുതല്‍
ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നുപോന്ന നിലപാട്. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത പരിഹരിക്കണം എന്ന നിലപാട് യുഎസ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താന്‍ മറ്റ് രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കണം എന്ന ആവശ്യം യുഎന്നിലടക്കം നേരത്തെ ഉന്നയിച്ചിട്ടുണ്ട്്.

ട്രംപ് നുണ പറയുകയാണോ അതോ കാശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു അപ്രഖ്യാപിത നിലപാടുണ്ടോ എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍