UPDATES

ട്രെന്‍ഡിങ്ങ്

സർദാർ സരോവർ ഡാം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പിൽ, ആഘോഷമാക്കാൻ തന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രിയും

ചൊവ്വാഴ്ച 69 ഇന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നർമദ നദിയിലെ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന്റെ സ്ഥലം സന്ദർശിക്കും. അണക്കെട്ട് കമ്മീഷൻ ചെയ്തതിന് ശേഷം ജലനിരപ്പ് ആദ്യമായി ഏറ്റവും ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം. സന്ദർശനത്തോടെ “നമാമി നർമദ്” ഉത്സവത്തിനും പ്രധാനമന്ത്രി തുടക്കമിടും.

ഞായറാഴ്ച വൈകുന്നേരമാണ് ഡാമിലെ ജലനിരപ്പ് 138.68 മീറ്ററിലെത്തിയത്. 2017 ൽ ഡാമിന്റെ ഉയരം ഉയർത്തിയതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് ഏറ്റവും ഉയർന്ന ഉയരത്തിലെത്തിയത്. ഡാം കൈവരിച്ച നേട്ടത്തിന്റെ ഭാഗമാവാൻ “നമാമി നർമദ് മഹോത്സവ” ത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഗുജറാത്ത് സർക്കാർ അറിയിച്ചത്. 69-ാം ജന്മദിനത്തിൽ ചൊവ്വാഴ്ച രാവിലെ നർമദ ജില്ലയിലെ കെവാഡിയയിലെ ഡാം സൈറ്റ് പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് അറിയിപ്പ്.

ചൊവ്വാഴ്ച പുലർച്ചെ ഗാന്ധിനഗറില്‍ അമ്മ ഹിരാബയെ സന്ദർശിച്ച് അനുഗ്രഹം തേടിയ ശേഷമായിരിക്കും നരേന്ദ്രമോദി കേവാഡിയയിലേക്ക് തിരിക്കുക. കെവാഡിയയിലെ ഡാം സൈറ്റ് സന്ദർശിച്ച ശേഷം പ്രധാനമന്ത്രി പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്യുമെന്നാണ് വിവരം. സമ്മേളത്തിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് വിവരം. ഡാമിനോട് ചേർന്ന് ചില വികസന പദ്ധതികളും സ്റ്റാച്യു ഓഫ് യൂണിറ്റിയെ സംബന്ധിച്ചും ചില പ്രഖ്യാപനങ്ങളും പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നർമദ ജില്ലാ കളക്ടർ ഐ കെ പട്ടേൽ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ നിന്നും തിരിക്കുന്ന പ്രധാനമന്ത്രി കേവാഡിയയ്ക്കടുത്തുള്ള ഗരുഡേശ്വർ ഗ്രാമത്തിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

2014 ലാണ് നര്‍മദാ ഡാമിന്റെ ഉയരം 121.92 മീറ്ററിൽ നിന്ന് 138.68 മീറ്ററായി ഉയർത്താൻ നർമദ കൺട്രോൾ അതോറിറ്റി (എൻ‌സി‌എ) അനുമതി നൽകിയത്. നിര്‍മാണ പ്രവർത്തികൾക്ക് ശേഷം 2017 സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി മോദി തന്നെയാണ് ഡാം ഉദ്ഘാടനം ചെയ്തത്. 131 നഗരങ്ങൾക്കും 9,633 ഗ്രാമങ്ങൾക്കും (ഗുജറാത്തിലെ മൊത്തം 18,144 ഗ്രാമങ്ങളിൽ 53 ശതമാനം) കുടിവെള്ളവും 15 ജില്ലകളിലായി 3,112 ഗ്രാമങ്ങളിലെ 18.54 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യവും ഒരുക്കുന്നതാണ് ഡാം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍