UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീഷണി വിലപ്പോവില്ല, പിന്‍മാറില്ല; സംഘപരിവാര്‍ സംഘടനകളെ വെല്ലുവിളിച്ച് പ്രഭാവര്‍മ

ഗീത വായിക്കാന്‍ എനിക്കു സംഘ പരിവാര്‍ തരുന്ന കണ്ണട വേണ്ട. എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി! പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മയെ പ്രതീക്ഷിക്കേണ്ട.

മീശയെന്ന നോവലിന്റെ പേരില്‍ എഴുത്തുകാരന്‍ എസ് ഹരീഷിനെതിരായ ഭീഷണികളെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ച വിവാദം കത്തിനില്‍ക്കെ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മയക്കും ഭീഷണി. ഈ ലക്കം കലാകൗമുദി വാരികയില്‍ ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനമെഴുതിയതിന് ഫോണിലൂടെ ഭീഷണിയുണ്ടായതെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. ലേഖലനത്തിലെ ചാതുര്‍ വര്‍ണ്യ പരാമര്‍ശമാണ് ഭീഷണിക്ക് കാരണമെന്നും പ്രഭാവര്‍മ പറയുന്നു. ”ഭഗവദ് ഗീതയെ കുറിച്ച് മേലാല്‍ ഇത്തരത്തില്‍ എഴുതരുത്” എന്നായിരുന്ന ഭീഷണിയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ തന്നെ ഭയപ്പെടുത്തില്ലെന്നും, തന്റെ നിലപാടകളുമായി മുന്നോട്ട് പോവുമെന്നും പ്രഭാ വര്‍മ്മ വ്യക്തമാക്കുന്നു.

പ്രഭാവര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ലക്കം കലാകൗമുദിയില്‍ വന്ന ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന എന്റെ ലേഖനം മുന്‍നിര്‍ത്തി സംഘപരിവാര്‍ ഭീഷണി. 9539251722 എന്ന നമ്പറില്‍ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്.

ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത് എന്നു കല്പന. ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാന്‍ എഴുതിയിരുന്നു. ഗീതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതും ഞാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കള്‍ എന്നു ഞാന്‍ ചോദിച്ചു. ‘ ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം’ എന്നതടക്കമുള്ള ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലി കേള്‍പ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാന്‍ ചോദിച്ചു. വിവേകാനന്ദ സര്‍വ്വസ്വം എടുത്തു വായിക്കാന്‍ അപേക്ഷിച്ചു. അയാള്‍ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സര്‍വ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ?

ഏതായാലും ഒരു കാര്യം തീര്‍ത്തു പറയാം. ഗീത വായിക്കാന്‍ എനിക്കു സംഘ പരിവാര്‍ തരുന്ന കണ്ണട വേണ്ട. എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി! പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മയെ പ്രതീക്ഷിക്കേണ്ട.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍