UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു; പി സി ജോര്‍ജ്ജിനെതിരേ കേസെടുത്തേക്കും

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജ്ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി നല്‍കിയ കന്യാസ്ത്രിയെ അവഹേളിച്ച് നടത്തിയ പ്രസ്താവനയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരേ കേസെടുത്തേക്കും. കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ലെന്ന ആരോപിച്ച് കൊച്ചിയില്‍ സമരത്തിനിറങ്ങിയ സന്യാസിനിമാരേയും അപമാനിച്ചായിരുന്നു പിസി ജോര്‍ജ്ജിന്റെ വിവാദ പ്രസ്താവന. പരാമര്‍ശത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ പോലീസിന് ലഭിച്ച ഉപദേശം. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുകയാണ് പോലീസ്.  മൊഴിയുടെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജ്ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. പരാമര്‍ശത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന പരാതിക്കാരിയുടെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു.

പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാവണമെന്ന കമ്മീഷന്‍ നിര്‍ദേശത്തെ പരിഹസിച്ച് തൊട്ടുപിറകെ എംഎല്‍എ രംഗത്തെത്തുകയായിരുന്നു. തന്നെ കാണാന്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തട്ടെ എന്നായിരുന്നു ഇതിനോടുള്ള എംഎല്‍എയുടെ പ്രതികരണം. അല്ലെങ്കില്‍ ഡല്‍ഹിയില്‍ ചെല്ലാനുള്ള യാത്രാ ബത്ത കമ്മീഷന്‍ അനുവദിക്കണം പി സി ആവശ്യപ്പെട്ടു. തനിക്കെതിരേ വനിതാ കമ്മീഷന് ഒന്നു ചെയ്യാനാവില്ല. അധ്യക്ഷ ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, അവരെന്താ തന്റെ മൂക്കു ചെത്തുമോ എന്നും പൂഞ്ഞാര്‍ എംഎല്‍എ ചോദിക്കുന്നു.

കന്യാസ്ത്രീക്കെതിരേ അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയയിരുന്നു മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ ജോര്‍ജ്ജിനെതിരെ സ്വമേധയാ കേസെടുത്തത്. ബലാല്‍സംഗ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രകതികരിച്ചിരുന്നു.

‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍