UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രണബ് മുഖര്‍ജിക്ക് ആര്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണം: ആശ്ചര്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തെക്കുറിച്ച് പരസ്യ പ്രതികരണത്തിന് പോലും തയ്യാറായിട്ടില്ല.

ആര്‍എസ്എസ് വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുമെന്ന റിപോര്‍ട്ടുകളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കക്കള്‍. പ്രണബ് മുഖര്‍ജിയുടെ പരിപാടികളെ കുറിച്ച് അറിയില്ലെന്ന് അറിയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തെക്കുറിച്ച് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും വിദേശത്തായതിനാല്‍ ഇവരുടെ പ്രതികരണവും ലഭ്യമായിട്ടില്ല.

പ്രണബ് മുഖര്‍ജി മതേതരത്വത്തില്‍ വിശവസിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളില്‍ മാറ്റം വരില്ലെന്നും മുന്‍ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു. എന്നാല്‍ പ്രണബ് മുഖര്‍ജി ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കുമെന്ന റിപോര്‍ട്ടുകള്‍ക്ക് മറുപടിയാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹം തന്നെയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ നിലപാട്. ക്ഷണം ലഭിച്ചത് അദ്ദേഹത്തിനാണ് അതിന് താന്‍ എന്തിന് മറുപടി പറയണമെന്നും തിവാരി പ്രതികരിച്ചു. പ്രതികണത്തിന് മറ്റ് നേതാക്കളുമായി ബന്ധപ്പെടാനായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ നിലപാട്.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കാം, അതിന് ഉചിതമായ തീരുമാനം അദ്ദേഹം എടുക്കുമെന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചു. അദ്ദേഹം തിര്‍ച്ചയായും പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായി കൂടിയാലോചിക്കും, ഇതില്‍ ബാഹ്യ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നാണ് കരുതുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ജൂണ്‍ 7ന് നടക്കുന്ന ആര്‍എസ്എസ് തൃത്വ വര്‍ഷ വര്‍ഗ് കോഴ്‌സിന്റെ ബിരുദദാനച്ചടങ്ങില്‍ മുഖ്യാഥിതിയായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതായും ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രണബ് മുഖര്‍ജിയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നാലുതവണയെങ്കിലും കൂടിക്കാഴ്ച നടത്തിയതായി ആര്‍എസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ രണ്ടുതവണ രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നെന്നും, തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ അടക്കം ഇരുവരും ചര്‍ച്ച ചെയ്തു. ആര്‍എസ്എസ് ക്ഷണം സ്വീകരിക്കുന്നതിന് ഈ കൂടിക്കാഴ്ചകളും കാരണമായതായും റിപോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ഇരുവരുടെയും കൂടിക്കാഴ്ചകള്‍ക്ക് വഴിയൊരുക്കിയതെന്നും റിപോര്‍ട്ടുകളുണ്ട്.

2010ല്‍ ബുരാരിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ആര്‍എസ്എസിനെതിരെ രാഷ്ട്രീയ പ്രമേയം കൊണ്ടുവന്ന വ്യക്തിയായ പ്രണബ് മുഖര്‍ജി ക്ഷണം സ്വീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ആര്‍എസ് എസിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും അന്ന് പ്രമേയം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍