UPDATES

ട്രെന്‍ഡിങ്ങ്

‘അയാളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന ചിന്തകൊണ്ട് മാത്രം വന്നതാണ്, അത് കൊടുത്തു’: പെരിയയില്‍ പി കരുണാകരന്‍ എംപിയെ തടഞ്ഞ സ്ത്രീകള്‍ പറയുന്നു

റോഡിന് കുറുകെ കിടന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാക്കളെ ചിലര്‍ അസഭ്യം പറയുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകർ കൊല്ലപ്പെട്ട കാസർക്കോട് പെരിയയിലെത്തിയ സിപിഎം നേതാക്കളെ തടഞ്ഞ് സ്ത്രീകള്‍ ഉൾപ്പെടെയുള്ള സംഘം. രാവിലെ 9 മണിയോടെയാണ് കാസർക്കോട് എംപി പി കരുണാകരന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം പെരിയ കല്ല്യോട്ട് എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയതായിരുന്നു സിപിഎം നേതാക്കൾ. ഇങ്ങോട്ടേക്ക് ഒരു സിപിഎം നേതാക്കളും വരണ്ട എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പാഞ്ഞടുത്തത്.

സിപിഎം നേതാക്കൾ കല്യോട് ജംഗ്ഷനിലെത്തിയതോടെ കോൺഗ്രസ് പ്രവർത്തക‌ർ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. എന്തിനാണ് ഇനി വരുന്നത് കൊല്ലപ്പെട്ട തങ്ങളുടെ മക്കളുടെ കുഴിമാന്താനോ എന്നും പ്രതിഷേധക്കാരായ സ്ത്രീകൾ ചോദിച്ചിരുന്നു. ആക്രമണത്തിനിരയായ സിപിഎം പ്രവർത്തകരുടെ വീടുകളിലേക്ക് നേതാക്കൾ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡിന് കുറുകെ കിടന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാക്കളെ ചിലര്‍ അസഭ്യം പറയുകയും ചെയ്തു.

ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് കല്യോട്ടെ സിപിഎം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇവിടങ്ങളിൽ സന്ദർശനം നടത്തുന്നതിനാണ് എംപി ഉൾപ്പെടെയുള്ള സംഘം കല്ല്യോട്ടെത്തിയത്. ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരൻ, ആയുധം കണ്ടെടുത്ത സ്ഥലമായ ശാസ്താ ഗംഗാധരൻ എന്നിവരടക്കമുള്ളവരുടെ വീടുകളിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. ശാസ്താ ഗംഗാധരന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണമായും അഗ്നിക്കിരയാക്കിയിരുന്നു. ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇരട്ടക്കൊലപാതകത്തിന് ശേഷം മേഖലയിലുണ്ടായ സംഘർഷങ്ങളിൽ 5 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായും എംപി ആരോപിക്കുന്നു.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കൃഷ്ണന്‍, ബാബുരാജ് എന്നിവര്‍ എംപിക്ക് നേരെ കുതിച്ചു ചാടി. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ വലിച്ചു മാറ്റി. അതോടെ മുദ്രാവാക്യം വിളികളും ആക്രോശവും ആരംഭിക്കുകയായിരുന്നു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതയൊരുക്കിയ സ്ഥലത്തേക്ക് ഒരു സിപിഎം നേതാവും വരേണ്ടെന്ന കര്‍ശന നിര്‍ദ്ദേശം കുടുംബാംഗങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ എംപിയുടെയും സിപിഎം നേതാക്കളും ഈ ഭാഗത്തുകൂടിയാണ് കടന്നുപോയത്.

പ്രതികളുടെ വീടുകളിലുള്‍പ്പെടെ എംപി സന്ദര്‍ശനം നടത്തി. കേസിലെ പ്രതിയായ അശ്വിന്റെ വീട്ടില്‍ എംപി എത്തിയെങ്കിലും ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരാണ് എംപിക്ക് നേരെ മുദ്രാവാക്യം മുഴക്കിയത്. കൊലയാളികളെ കാണാനാണോ നിങ്ങള്‍ വന്നത് എന്നായിരുന്നു ഇവരുടെ ചോദ്യം. ഇന്നലെ കാസറഗോഡെത്തിയ മുഖ്യമന്ത്രി കൊലപാകങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പ്രദേശത്തെത്തിയ സിപിഎമ്മിന്റെ ജനപ്രതിനിധി പ്രതിയുടെ വീട് സന്ദര്‍ശിച്ചതാണ് ജനവികാരം ഇളകാന്‍ കാരണം. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നീക്കമാണ്.

കെ വി കുഞ്ഞിരാമന്‍ ഞങ്ങടെ മക്കളെ കൊല്ലാന്‍ പറഞ്ഞയാളാണ്. അയാള്‍ പോകേണ്ട എന്നായിരുന്നു പ്രതിഷേധക്കാരുടെ ആക്രോശം. കൃപേഷിന്റെ വീടിന്റെ അടുത്തുള്ള വീടുകളില്‍ നിന്നും സ്ത്രീകള്‍ പുറത്തിറങ്ങി നിന്നാണ് എംപിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ‘ഇനിയെന്ത് ചെയ്താലും ഞങ്ങള്‍ക്ക് ഞങ്ങളുടെ മക്കളെ തിരിച്ചുകിട്ടില്ലല്ലോ? അയാളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന ചിന്തകൊണ്ട് മാത്രം വന്നതാണ്. അത് കൊടുത്തു. ഞങ്ങളുടെ മക്കളുടെ കുഴിമാന്താനാണോ അയാള്‍ വന്നത്. സമാധാനത്തിന് വേണ്ടിയാണെങ്കില്‍ ഇന്നല്ലല്ലോ വരേണ്ടത്. ഇതിന് മുമ്പ് സമയമുണ്ടായിരുന്നില്ലേ? ഞങ്ങളുടെ മക്കളുടെ ജീവന്‍ തിരിച്ചു തരുമോ? രണ്ട് ജീവനാണ് പോയത്. ഇനിയുള്ള ഞങ്ങളുടെ മക്കളെക്കൂടി കൊല്ലാനാണോ അയാള്‍ വന്നത്. ഇനി അവര്‍ക്ക് ജീവിക്കണ്ടേ?’ എന്നാണ് നാട്ടുകാര്‍ ചോദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍