UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടച്ചുപൂട്ടണം, വയനാട്ടിലെ ക്വാറികള്‍ക്ക് ജില്ലാ കലക്ടറുടെ നോട്ടീസ്

ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പുറമെയുള്ള മറ്റു സ്ഥലങ്ങളിലും അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം

മഴക്കെടുതി ദുരിതം വിതച്ച വയനാട്ടിലെ ക്വാറികൾക്കെതിരെ ജില്ലാകളക്ടറുടെ നടപടി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചു പൂട്ടാനാണ് കളക്ടറുടെ ഉത്തരവ്. ഇക്കാര്യം വ്യക്തമാക്കിയുള്ള കളക്ടർ എ ആര്‍ അജയകുമാറിന്റെ നിര്‍ദേശം തഹസില്‍ദാര്‍മാര്‍ക്ക് ലഭിച്ചു.

ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പുറമെയുള്ള മറ്റു സ്ഥലങ്ങളിലും അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി
തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധന നടത്തണം. ക്വാറികള്‍ നിബന്ധനകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് ജിയോളജിസ്റ്റ് സെപ്റ്റംബര്‍ 20 മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. അല്ലാത്തവയുടെ പ്രവര്‍ത്തനം നിരോധിക്കും. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണമെന്നും നിർദേശം വ്യക്തമാക്കുന്നു.

ഇതിന് പുറമെ നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സോയില്‍ പൈപ്പിങ്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മുതലായവ സംബന്ധിച്ചും പരിശോധന നടത്തണം. ജിയോളജിസ്റ്റ് ,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരടങ്ങിയ സംഘമായിരിക്കും ഇതിന് നിയോഗിക്കപ്പെടുക. പരിശോധനാ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവില്‍ പറയുന്നു.

ഇതിന് പുറമെ, നിബന്ധന പാലിക്കാതെ നിർമ്മിച്ചിട്ടുള്ളതും രജിസ്റ്റര്‍ ചെയ്യാത്തവയുമായ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കും. രജിസ്റ്റര്‍ ചെയ്ത റിസോര്‍ട്ടുകള്‍, വാസഗൃഹം, വിദ്യാഭ്യാസം, ആശുപത്രി, സാമൂഹ്യാവശ്യം, ആരാധനാലയം എന്നിവയില്‍ ഉള്‍പ്പെടാത്ത കെട്ടിടങ്ങളും പഞ്ചായത്തോ മുനിസിപാലിറ്റിയോ പരിശോധിക്കുകയും അവയുടെ രജിസ്‌ട്രേഷനുള്ള സുരക്ഷാ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Also Read- ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം പ്രളയത്തിനും ഒരു മാസം മുന്‍പ്; സര്‍ക്കാര്‍ അനങ്ങിയില്ല, പ്രകൃതി കലിതുള്ളി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍