UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയ്‌നുകളിൽ ഇനി സീറ്റ് സംവരണം; ‘ലേഡീസ് ഓണ്‍ലി കോച്ചുകള്‍’ പിൻവലിച്ച് റെയില്‍വേ

തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി- ബാംഗളൂരു എന്നീ തീവണ്ടികളിലാണ് നിലവില്‍ സീറ്റ് ക്രമീകരണം നടപ്പാക്കിയത്.

സ്ത്രീകള്‍ക്കായി പ്രത്യേകമായി അനുവദിച്ചിരുന്ന ട്രെയ്നുകളിലെ കോച്ചുകള്‍ റെയില്‍ വേ നിര്‍ത്തുന്നു. പകരം സംവിധാനമായി ബസുകളിലേതിന് സമാനമായ സീറ്റ് സംവരണത്തിന്റെ മാതൃക പിന്തുടരാനാണ് നീക്കം. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിക്കും. പുതിയ സംവരണ രീതി ഇതിനോടകം തന്നെ ചില ട്രെയ്‌നുകളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി- ബംഗളൂരു എന്നീ തീവണ്ടികളിലാണ് നിലവില്‍ പുതിയ സീറ്റ് ക്രമീകരണം നടപ്പാക്കിയത്. ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ 1 മുതല്‍ 30 വരെയുള്ള സീറ്റുകളാണ് സ്ത്രീകള്‍ക്കുവേണ്ടി മാറ്റി വച്ചട്ടുള്ളത്. മുന്നു കംപാര്‍ട്ട് മെന്റിലെ ഒന്നിലാണ് ക്രമീകരണം. എന്നാല്‍ അപ്രതീക്ഷിതമായി നടപ്പാക്കിയ തീരുമാനം യാത്രികരെ ആശയക്കുഴപ്പത്തിലാക്കി. ടിക്കറ്റ് പരിശോധകരും റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. പലര്‍ക്കും പിഴചുമത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം കോച്ചുകളുടെ ക്ഷാമമാണ് പുതിയ നടപടിക്ക് പിന്നിലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകള്‍ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകള്‍ ഇല്ലാതായിട്ടുള്ളത്. പാഴ്സല്‍വാന്‍ സൗകര്യമുള്ള എസ്.എല്‍.ആര്‍. (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റിവെച്ചിരുന്നത്. അത് പിന്‍വലിക്കുന്നതാണ് പുതിയ നീക്കത്തിന് കാരണമാകുന്നത്. പുതിയ എല്‍എച്ച്ബി കോച്ചുകളില്‍ എസ്എല്‍ആര്‍ സംവിധാനമില്ല. പകുതി കമ്പാര്‍ട്ട്മെന്റില്‍ കൂടുതല്‍ സ്ത്രീകള്‍ക്കായി മാറ്റിവെയ്ക്കാന്‍ റെയില്‍വേ തയ്യാറല്ലെന്നതും പുതിയ നീക്കത്തിന് കാരണമായി.

എന്നാല്‍ രാത്രിയാത്രകളില്‍ ഉള്‍പ്പെടെ സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു ട്രെയ്നുകളില്‍ ലേഡീസ് കോച്ചുകള്‍ അനുവദിച്ചത്. എന്നാല്‍ പുതിയ രീതി സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും യാത്രക്കാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍