UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയിലെ ജലനിരപ്പ് കുറയുന്നു; മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

ദുരിതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതവും ധനസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. ദുരിതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതവും ധനസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ഇടുക്കി വയനാട് ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വയനാട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. അതേസമയം കാലാവസ്ഥാ അനുകുലമല്ലാത്തതിനാല്‍ സംഘത്തിന് ഇടുക്കിയില്‍ ലാന്റ് ചെയ്യാനായിരുന്നില്ല. തുടര്‍ന്നായിരുന്നു സംഘം വയനാട്ടിലേക്ക് തിരിച്ചത്.

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും സംഘവും വയനാട് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രി കടന്നപള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. വൈദ്യത മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയിലും രാവിലെ അവലോകന യോഗം ചേര്‍ന്നിരുന്നു.

അതിനിടെ, വൃഷ്ടി പ്രദേശങ്ങളില്‍ മഴകുറഞ്ഞതും ഡാമില്‍ നിന്നും തുടര്‍ച്ചയായി വെള്ളം ഒഴിക്കിക്കളയുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. നിലവിലെ കണക്കുകള്‍ പ്രകാരം 2400.88 അടിയാണ് ജലനിരപ്പ്. സെക്കന്റില്‍ 750 ക്യുബിക്ക് മീറ്റര്‍ വെള്ളമാണ് നിലവില്‍ ഡാമില്‍ നിന്നും ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതല്‍ ഏകദേശം 0.94 അടി വെള്ളത്തിന്റെ കുറവും ഡാമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജലനിരപ്പ് 2400 കുറയാതെ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ തോതില്‍ കുറവ് വരുത്തില്ലെന്നാണ് അധികൃതര്‍ പറയുന്നു. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയേക്കാള്‍ കുറഞ്ഞതോടെ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണെന്നിരിക്കേ 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്പര്‍ ഷട്ടര്‍ അടച്ചിരുന്നു. ഒരു ഷട്ടര്‍ ഉച്ചയോടെ അടക്കും.  ഇടമലയാറിന് പുറമെ ഭൂതത്താന്‍ കെട്ടിലും ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനടെ വയനാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് ഒഴുകുന്ന കബനി നദി കരകവിഞ്ഞതോടെ വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ വഴിത്തിരിച്ചു വിട്ടിട്ടുണ്ട്. ഇതോടെ മൈസൂരില്‍ നിന്നും വയനാട്ടിലേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍