UPDATES

വടക്കന്‍ ജില്ലകളില്‍ കനത്തമഴ ഉരുള്‍പൊട്ടല്‍, താമരശ്ശേരി ചുരം ഇടിഞ്ഞു, വയനാട് ഒറ്റപ്പെട്ടു, അഞ്ച് മരണം

താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടതോടെ വയനാട് ജില്ല ഏകദേശം പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

വടക്കന്‍ കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ വ്യാപകമായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും. ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് താമരശ്ശേരിയില്‍ ഒന്‍പതുവയസ്സുകാരി ഉള്‍പ്പെടെ മൂന്നു കൂട്ടികള്‍ മരിച്ചു. കട്ടിപ്പാറ കരിഞ്ചോല സലീമിന്റെ മകള്‍ ദില്‍ന, ജാസിം, ഷഹബാസ് എന്നീ മുന്നു കുട്ടികളും, മറ്റിടങ്ങളിലായി രണ്ട് മുതിര്‍ന്നവരുമാണ് മഴക്കെടുതികളില്‍ മരിച്ചത്. എട്ടുപേരെ കാണാതായതായും റിപോര്‍ട്ടുകളുണ്ട്. ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച കട്ടിപ്പാറ മേഖലയില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതോടെ ചുരം വഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കുന്നതും ജില്ലാ ഭരണകൂടം പരിഗണിക്കുന്നുണ്ട്. നിലവില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണുള്ളത്. ചുരത്തിലുള്ള ഗതാഗതം തടസപ്പെട്ടതോടെ വയനാട് ജില്ല ഏകദേശം പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. വയനാട് ജില്ലയിലും കനത്ത മഴ തുടരുന്നതും ആശങ്കയുണ്ടാകുന്നതാണ്. നിലവില്‍ ചുരത്തില്‍ കുടുങ്ങിയിരിക്കുന്ന വാഹങ്ങള്‍ തിരിച്ചു വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. മഴ കനത്തതോടെ വയനാട്ടിലേക്കുള്ള മറ്റൊരു പാതയായ നാടുകാണി ചുരത്തിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കനത്തമഴയില്‍ വെള്ളം കയറി ഒറ്റപ്പെട്ട 42 കുടുംബങ്ങള്‍ക്കായി മുട്ടില്‍ നെന്മേനിയില്‍ കോളവയല്‍ സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപും തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴകനത്തതോടെ ജില്ലയിലെ കക്കയം ഡാം തുറന്ന് വിട്ടതിനാല്‍ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടുണ്ട്. മഴക്കെടുതി രൂക്ഷമായതോടെ ജില്ലാ കലക്ടര്‍ യുവി ജോസ് ആവശ്യപ്രകാരം ദേശീയ ദുരന്തനിവാരണ സേനയും ഇന്ന് ജില്ലയില്‍ എത്തും. മുന്‍ കരുതലുകളുടെ ഭാഗമായി കോഴിക്കോട് മലപ്പുറം, വയനാട് ജില്ലകളിലുള്ള തഹസില്‍ദാര്‍മാര്‍ മുതല്‍ വില്ലേജ് ഓഫിസ് ജീവനക്കാള്‍ ഉള്‍പ്പെടെയുള്ള വര്‍ ജില്ല വിട്ട് പോവരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ വയനാട് പൊഴുതന ആറാംമൈലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന അപകടത്തില്‍പെട്ട രണ്ടുപേരെയും രക്ഷപ്പെടുത്തി. പൊഴുതന അച്ചൂര്‍ ഷാഫിയുടെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ട ഷാഫിയുടെ ഭാര്യ ഫാത്തിമ(33), മാതാവ് കുഞ്ഞാമി (65) എന്നിവരെയാണ് പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സിബിഎസ്ഇ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചയ്ക്കു ശേഷം കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡിനു സമീപത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡ് തകര്‍ന്ന സാഹചര്യത്തില്‍ ജൂലൈ 12 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി മടിക്കേരി ഡപ്യൂട്ടി കമ്മിഷണര്‍ ശ്രീവിദ്യ അറിയിച്ചു. ഇരുചക്ര വാഹനങ്ങള്‍പോലും കടത്തിവിടില്ല. സാഹചര്യത്തില്‍ അപകട സാധ്യത മുന്നില്‍ക്കണ്ടാണ് കേരള- കര്‍ണാടക അന്തര്‍ സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് അടച്ചത്. ഇക്കാലയളവില്‍ കേരളത്തില്‍നിന്ന് കുടകിലൂടെ മൈസൂരിലേക്കുള്ള യാത്രക്കാര്‍ക്ക് മാനന്തവാടി തോല്‍പ്പട്ടി കുട്ട ഹുഡിക്കേരി ഗോണികൊപ്പ തിത്തിമത്തി മൈസൂര്‍ റൂട്ട് ഉപയോഗിക്കാമെന്നും മടിക്കേരി ഡപ്യുട്ടി കമ്മിഷണര്‍ അറിയിച്ചു.

പാലക്കാട് ജില്ലയിലെ മംഗലം ഡാം കട്ടപ്പാറ മേഖലയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. എന്നാല്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍