UPDATES

പ്രളയ ദുരിതം അതീവ ഗുരുതരമെന്ന് രാജ്‌നാഥ് സിങ്; സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത്

ദുരിതം നേരിടാന്‍ കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയത അദ്ദേഹം, സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നതെന്നും  പ്രതികരിച്ചു.

കേരളം നേരിടുന്ന പ്രളയ ദുരിതം അതീവ ഗുരുതരമെന്ന്‌ കേന്ദ്ര ആഭ്യന്തരന്ത്രി രാജ് നാഥ് സിങ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മഴക്കെടുതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷമായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം. ദുരിതം നേരിടാന്‍ കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയത അദ്ദേഹം, സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നതെന്നും  പ്രതികരിച്ചു. പ്രളയ ദുരിതം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടാണെന്ന് മുഖ്യന്ത്രി പിണറായി വിജയനും കൂട്ടിച്ചേര്‍ത്തു.

ഉച്ചയോടെ കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി,  ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം ജില്ലയിലെ ദുരിതാശ്വാസം ക്യാംപുകളിലും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘവുമായും കേന്ദ്ര മന്ത്രി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വായു സേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ കേന്ദ്രമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ വി ഐപി ലോഞ്ചില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘവുമായും കേന്ദ്ര മന്ത്രി കൂടിക്കാഴ്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍