UPDATES

രാജ്യസഭ എംപിമാര്‍ക്ക് പിന്നാലെ ടിഡിപി എംഎല്‍എമാരും ബിജെപിയിലേയ്ക്ക്?

ആന്ധ്രപ്രദേശിലേയും തെലങ്കാനയിലേയും പല നേതാക്കളും ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് തങ്ങളെ സമീപിച്ചതായി രാജ്യസഭ എംപി ജിവിഎല്‍ നരസിംഹ റാവു അവകാശപ്പെട്ടു.

രാജ്യസഭ എംപിമാര്‍ക്ക് പുറമെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എംഎല്‍എമാരും ബിജെപിയിലേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഒമ്പത് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് പോകാന്‍ തയ്യാറാണ് എന്നാണ് സൂചന. ആകെയുള്ള ആറ് രാജ്യസഭാംഗങ്ങളില്‍ മുന്‍ കേന്ദ്ര മന്ത്രി വൈഎസ് ചൗധരി അടക്കം നാല് പേരാണ് ടിഡിപിയില്‍ നിന്ന് ബിജെപിയിലേയ്ക്ക് പോയത്. ഇവര്‍ ടിഡിപി പാര്‍ലമെന്ററി പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചിരുന്നു. 175 അംഗ ആന്ധ്രപ്രദേശ് നിയമസഭയില്‍ ടിഡിപിക്കുള്ളത് 23 സീറ്റ് മാത്രം. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു യൂറോപ്യന്‍ യാത്രയിലാണ്. ആന്ധ്രപ്രദേശിലേയും തെലങ്കാനയിലേയും പല നേതാക്കളും ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് തങ്ങളെ സമീപിച്ചതായി രാജ്യസഭ എംപി ജിവിഎല്‍ നരസിംഹ റാവു അവകാശപ്പെട്ടു.

രാജ്യസഭ എംപിമാരായ വൈഎസ് ചൗധരി അടക്കമുള്ള സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ട്. സമ്മര്‍ദ്ദ തന്ത്രം മൂലമാണ് ഇവര്‍ ടിഡിപി വിട്ട് ബിജെപിയിലേയ്ക്ക് പോകാന്‍ തയ്യാറായത് എന്ന ആരോപണമുണ്ട്. വിശാഖപട്ടണം നോര്‍ത്ത് എംഎല്‍എ ജി ശ്രീനിവാസ റാവു ആണ് ടിഡിപിയില്‍ നിന്ന് ബിജെപിയിലേയ്ക്ക് പോയേക്കാം എന്ന് സംശയിക്കപ്പെടുന്നവരില്‍ ഒരാള്‍. അതേസമയം താന്‍ ടിഡിപി വിടാനുദ്ദേശിക്കുന്നില്ല എന്നും മറ്റുള്ളവരുടെ കാര്യം അറിയില്ല എന്നുമാണ് ശ്രീനിവാസ റാവു പറഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റ ടിഡിപി മുന്‍ മന്ത്രിമാരേയും എംഎല്‍എമാരേയും ബിജെപി നോട്ടമിട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ജില്ലാ പ്രസിഡന്റുമാരടക്കമുള്ളവര്‍ ബിജെപിയുടെ നോട്ടത്തിലുണ്ട്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞത് തെറ്റായി പോയി എന്ന നിലപാട് പല ടിഡിപി നേതാക്കള്‍ക്കുമുണ്ടെന്നും ബിജെപി പറയുന്നു. അതേസമയം ടിഡിപി സംസ്ഥാന അധ്യക്ഷന്‍ കാല വെങ്കട് റാവു അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ചന്ദ്രബാബു നായിഡു സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴിപ്പെടാതെ ശക്തമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. ടിഡിപി എംഎല്‍എമാരെ ഓരോരുത്തരേയും നേരില്‍ കണ്ട് തിടുക്കപ്പെട്ട് തീരുമാനമെടുക്കരുത് എന്ന് നായിഡു ആവശ്യപ്പെടും. ടിഡിപിയുടെ നില ഒട്ടും ഭദ്രമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍