UPDATES

പ്രളയം 2019

പമ്പ കരകവിഞ്ഞു, റാന്നിയില്‍ വെള്ളപ്പൊക്കം; കഴിഞ്ഞ വര്‍ഷത്തെ പോലെ വീണ്ടും ഓഗസ്റ്റ് 14ന്

മണിമല, അച്ചന്‍കോവിലാര്‍ എന്നിവയും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഓഗസ്റ്റ് 14ന് ഇത്തവണയും പത്തനംതിട്ടയിലെ റാന്നിയില്‍ വെള്ളപ്പൊക്കം. പമ്പ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14ന് രാത്രിയിലാണ് റാന്നി ടൗണ്‍ വെള്ളത്തിലായത്. പമ്പയും കൈവഴിയായ വലിയ തോടും നിറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതല്‍ റാന്നിയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. ഇന്നലെ രാത്രി പമ്പയില്‍ 10 അടി ജലനിരപ്പ് ഉയര്‍ന്നു.

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേയ്ക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. 981.46 മീറ്റര്‍ സംഭരണശേഷിയുള്ള കക്കി ഡാമില്‍ ജലനിരപ്പ് 961.34 മീറ്ററായി. പമ്പ ഡാമില്‍ സംഭരശേഷിയുടെ 50.56 ശതമാനവും മൂഴിയാറില്‍ 46.36 ശതമാനവുമാണുള്ളത്.

മണിമല, അച്ചന്‍കോവിലാര്‍ എന്നിവയും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. ജില്ലയില്‍ പരക്കെ ശക്തമായ മഴയാണ് പെയ്യുന്നത്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയാണുണ്ടായത്. പാലാ-ഈരാട്ടുപേട്ട റോഡില്‍ വെള്ളം കയറി. മീനച്ചിലാറില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ആലുവയടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നു. കനത്ത മഴയില്‍ മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് മുങ്ങി. പത്തോളം ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോട്ട്. ഭൂതത്താന്‍ കെട്ട് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ തുടരുന്നുണ്ട്. കുട്ടനാടിന്റെ മിക്കമേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ അവധി ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് (extreme rainfall) സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. നാളെ ശക്തമായ മഴ മുതല്‍ അതിശക്തമായ മഴ വരെയാണ് (heavy to very heavy rainfall) പ്രവചിക്കുന്നത്. ഓഗസ്റ്റ് 16നും ഇതുപോലെ. ഓഗസ്റ്റ് 17നും 18നും ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍