UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളെ കാണുന്നുണ്ടെങ്കിൽ പിആർഡി അറിയിക്കും; നിയന്ത്രണത്തിന് പുതിയ സർക്കുലർ

പിആർഡിക്കു കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതാണു പുതിയ സർക്കുലർ.

വിവാദമായ മാധ്യമ നിയന്ത്രണ സർക്കുലർ പിൻവലിച്ചതിന് പിറകെ ഭേദഗതി വരുത്തി പുതിയ സർക്കുലർ. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടോയെന്ന കാര്യം പബ്ലിക് റിലേഷൻസ് വകുപ്പു(പിആർഡി) വഴി മുൻകൂട്ടി അറിയിക്കുമെന്നു വ്യക്തമാക്കുന്നതാണ് പുതിയ സർക്കുലർ എന്ന് മനോരമ റിപ്പോർട്ട് പറയുന്നു. സന്ദർശന സമയമല്ലെങ്കിൽ സെക്രട്ടേറിയറ്റിലെ ഓഫിസർമാരെ കാണുന്നതിനു മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ, പ്രവേശന പാസ് എന്നിവ വേണമെന്നു നിർദേശം പുതിയ സർക്കുലറും പറയുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രത്യേക അഭിമുഖങ്ങൾക്ക് ഓഫിസിൽ നിന്നോ പിആർഡിയിൽ നിന്നോ മുൻകൂട്ടി അനുമതി വാങ്ങണം.
മന്ത്രിസഭാ തീരുമാനങ്ങൾ, വാർത്താസമ്മേളനങ്ങൾ എന്നിവ മുൻകൂട്ടി അറിയിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കോൺഫറൻസ് ഹാളിലെ യോഗങ്ങൾ, ഫൊട്ടോ സെഷനുകൾ എന്നിവ പിആർഡി മുഖേന നേരത്തെ അറിയിക്കും. അപ്രതീക്ഷിത പരിപാടികൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിൽ നിന്നു നേരിട്ട് അറിയിക്കാം. തൽസമയ സംപ്രേഷണത്തിനു ലൈവ് യു ബാഗ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പിആർഡിക്കു കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതാണു പുതിയ സർക്കുലർ. സർക്കാരും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനു സെക്രട്ടേറിയറ്റിന്റെ വിവിധ ബ്ലോക്കുകളിൽ പ്രത്യേക സൗകര്യം പിആർഡി ഒരുക്കണം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, സർക്കാർ ഗെസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലും മീഡിയ കോർണറുകൾ തയാറാക്കണമെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇപ്പോൾ മാധ്യമങ്ങൾ തുടരുന്ന രീതി അവസാനിപ്പിക്കുമോ എന്നതിനെ കുറിച്ച് സർക്കുലറിൽ വ്യക്തതയില്ല. മാധ്യമങ്ങൾ തിരക്കു കൂട്ടുന്നത് മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും സുരക്ഷയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സർക്കുലർ ഇറക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍