UPDATES

വീഡിയോ

പോക്‌സോ നിയമഭേദഗതിയില്‍ ബിജെപിയെ പരിഹസിച്ച് രമ്യാഹരിദാസ്: ബലാല്‍സംഗത്തിന് എംഎല്‍എ ജയിലില്‍ കിടക്കുമ്പോള്‍ ഭേദഗതി കൊണ്ടുവരേണ്ടി വന്നത് പരിഹാസ്യം

ലൈംഗിക പീഡനകേസില്‍ പ്രതിയായ തങ്ങളുടെ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ദിവസം തന്നെ ബിജെപിക്ക് ഇത്തരമൊരു നിയമഭേദഗതി ലോകസഭയില്‍ അവതരിപ്പിക്കേണ്ടി വന്നത് വലിയ വിരോധാഭാസമാണെന്ന് രമ്യ പറഞ്ഞു.

പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവേ ഉന്നാവ് സംഭവം ചര്‍ച്ച ചെയ്തും ബിജെപിയെ ക
ന്നാക്രമിച്ചും ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയോടെ പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്മേലുള്ള ചര്‍ച്ച പുരോഗമിക്കവേയാണ് ശക്തമായ രമ്യയുടെ ഇടപെടല്‍. ലോകത്ത് യഥാര്‍ത്ഥമായ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ യുദ്ധത്തിനെതിരെ ഒരു മുന്നേറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ അത് കുട്ടികളില്‍ നിന്നും തുടങ്ങണമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളോടെയാണ് രമ്യ പ്രസംഗം ആരംഭിച്ചത്.

ലൈംഗിക പീഡനകേസില്‍ പ്രതിയായ തങ്ങളുടെ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ദിവസം തന്നെ ബിജെപിക്ക് ഇത്തരമൊരു നിയമഭേദഗതി ലോകസഭയില്‍ അവതരിപ്പിക്കേണ്ടി വന്നത് വലിയ വിരോധാഭാസമാണെന്ന് രമ്യ പറഞ്ഞു. ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയ രമ്യ പിന്നീട് മലയാളത്തിലേക്ക് പ്രസംഗം മാറ്റി. തനിക്കിത് തന്റെ മാതൃഭാഷയില്‍ തന്നെ സംസാരിക്കണമെന്നു പറഞ്ഞാണ് രമ്യ സംസാരം മലയാളത്തിലേക്ക് മാറ്റിയത്.

‘ഇന്ന് ഞാന്‍ എന്റെ മാതൃഭാഷയില്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നു. കാരണം ഇത് കുട്ടികളെയും സ്ത്രീകളെയും ഇരകളെയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. എന്റെ വികാരങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ മാതൃഭാഷയാണ് കൂടുതല്‍ അനുയോജ്യം. അതിനാല്‍ മലയാളത്തിലാണ് ഇന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും തുടക്കത്തില്‍ തന്നെ രമ്യ വ്യക്തമാക്കി.

‘ലൈംഗിക പീഡനകേസില്‍ പ്രതിയായ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും ബിജെപി പുറത്താക്കിയിരിക്കുകയാണ്. ആ ദിവസം തന്നെ ബിജെപി സര്‍ക്കാറിന് ഇത്തരമൊരു നിയമ ഭേദഗതി ലോകസഭയില്‍ അവതരിപ്പിക്കേണ്ടി വന്നുവെന്നത് വലിയ വിരോധാഭാസമാണ്. അത്തരത്തില്‍ ഒരു നടപടിക്ക് പാര്‍ട്ടി നിവര്‍ത്തിയില്ലാതെ നിര്‍ബന്ധിതരായി എന്നതാണ് വാസ്തവം. സുപ്രീം കോടതിയും മാധ്യമങ്ങളും പൊതു സമൂഹവും ഇടപെട്ട് സൃഷ്ടിച്ച സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഏറെ വൈകിയാണെങ്കിലും ബിജെപി തങ്ങളുടെ എംഎല്‍എയ്ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ അതിശക്തവും മാതൃകാപരവുമായ നടപടിയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളുടെ സുരക്ഷിതമായ വളര്‍ച്ച ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റേയും ഭരണ സംവിധാനത്തിന്റേയും ഉത്തരവാദിത്തവുമാണ്’.

‘എന്നാല്‍ വേണ്ടത്ര ഗൃഹപാഠം ഈ ബില്ലിന് പിന്നിലുണ്ടോയെന്ന് സംശയമാണ്’. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പറയുമ്പോഴും പീഡനത്തില്‍ പ്രതികളായവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഭേദഗതി ഇരകളുടെ ജീവന് ഭീഷണിയുണ്ടാക്കുന്നതാകാമെന്ന് രമ്യ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു ഭേദഗതി കൊണ്ടു വരുമ്പോള്‍ പ്രതികള്‍ ഇരകളെ ഇല്ലാതാക്കി തെളിവു നശിപ്പിക്കാന്‍ ശ്രമിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉന്നാവില്‍ സംഭവിച്ചത്. ഇരയെയും കുടുംബത്തെ മുഴുവനായും ഇല്ലായ്മ ചെയ്യാനാണ് പ്രതി ശ്രമിച്ചതെന്നും രമ്യ പറഞ്ഞു.

രമ്യയുടെ പ്രസംഗത്തെ കയ്യടികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ ബില്ലിന്മേലുളള ചര്‍ച്ചയ്ക്കിടെ ഉന്നാവ് വിഷയം ഉന്നയിച്ച രമ്യയ്‌ക്കെതിരെ ഭരണകക്ഷിയായ ബിജെപി എംപിമാര്‍ രംഗത്തെത്തി. എന്നാല്‍ താന്‍ ഒരു എംപിയാണെന്നും ഇത് സംസാരിക്കാന്‍ തനിക്കവകാശമുണ്ടെന്നും പറഞ്ഞ് എതിര്‍പ്പുകളെയെല്ലാം രമ്യ ചെറുത്തു.

Read More :

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍