UPDATES

വാര്‍ത്തകള്‍

സ്വത്തുവർധനവ്; രാജ്യത്തെ സിറ്റിങ്ങ് എംപിമാരിൽ ഒന്നാമത് ഇ ടി മുഹമ്മദ് ബഷീർ; നാലുവർഷത്തിനിടെ കൂടിയത് 2018 ശതമാനം

രണ്ടാമതും പാർലമെന്റിലെത്തിയ എംപിമാരിൽ 153 പേരുടെ സ്വത്തുക്കളിൽ 142 ശതമാനമാണ് വർധിച്ചത്.

പൊന്നാനി എംപിയും മുസ്ലീം ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീറിന്റെ സ്വത്തിൽ 2018 ശതമാനം വര്‍ധനവെന്ന് റിപ്പോർട്ട്. രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട 153 ലോക്‌സഭാ എംപിമാരുടെ പട്ടികയിലാണ് സ്വത്തിൽ 22 മടങ്ങ് വർധന രേഖപ്പെടുത്തി ഇടി മുഹമ്മദ് ബഷീർ ഒന്നാമത് എത്തിയത്. 2009 ല്‍ ആദ്യമായി ലോക്സഭാ സ്ഥാനാർത്ഥിയായ സമയത്ത് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ 6,05,855 രൂപയായിരുന്നു ആസ്തി. എന്നാൽ 2014 ല്‍ 1,32,16,259 രൂപയായി ഉയര്‍ന്നു. നാഷനല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കണക്കുകൾ പ്രകാരം രണ്ടാമതും പാർലമെന്റിലെത്തിയ എംപിമാരിൽ 153 പേരുടെ സ്വത്തുക്കളിൽ 142 ശതമാനമാണ് വർധിച്ചത്. 5.5 കോടി രൂപയായിരുന്ന ആകെ എംപിമാരുടെ ആസ്തി നാലുവർഷങ്ങൾക്കിപ്പുറം 13.32 കോടിയിലേക്കാണ് ഉയർന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ശിശിര്‍ കുമാര്‍ അധികാരിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1,700 ശതമാനമാണ് ഇദ്ദേഹത്തിന്റെ സ്വത്തിലുള്ള വര്‍ധന. 2009ൽ ഉണ്ടായിരുന്ന 10,83,159 രൂപ 2014ല്‍ 1,94,98,381 ലേക്കുയരുയാണ് ചെയ്തത്. എഐഎഡിഎംകെ എംപി പി വേണുഗോപാലാണ് മുന്നാം സ്ഥാനത്ത്. 1281 ശതമാനമാണ് വര്‍ധന. ബിജെപി നേതാവ് ഡോ. രാംശങ്കര്‍ കഠേരിക്ക് 869 ശതമാനം സ്വത്ത് വർധനവും രേഖപ്പെടുത്തി. 15,11,000 രൂപയില്‍ നിന്ന് 1,46,34,885 ആയിരുന്നു വർധന.

കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സൂരേഷും പട്ടിയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു. കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് വര്‍ധിച്ചതും മലയാളിയായ കൊടിക്കുന്നില്‍ സുരേഷിന്റേതാണ്. 702 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയപ്പോൾ 16,52,747 രൂപയിൽ നിന്നും 1,32,51,330 ആയാണ് വര്‍ധിച്ചത്.

അതേസമയം, ഇക്കാലയളവില്‍ ആസ്തിയിൽ കുറവ് വന്നവരും പട്ടികയിലുണ്ട്. മൂന്ന് തവണ കാസര്‍കോഡ് എംപിയായിരുന്ന പി കരുണാകരനാണ് കുറവ് വന്നവരുടെ പട്ടികയിൽ ഒന്നാമത്. സിപിഎം നേതാവുകൂടിയായ ഇദ്ദേഹത്തിന്റെ സ്വത്തില്‍ 67 ശതമാനം കുറവ് ഉണ്ടായെന്നാണ് കണക്ക്. സ്വത്തില്‍‌ 21 ശതമാനം കുറവ് രേഖപ്പെടുത്തി എറണാകുളം സിറ്റിങ് എംപി കെ വി തോമസും ഈ പട്ടികയിലുണ്ട്.

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ സ്വത്തിൽ 573, 304 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ ആകെ കോൺഗ്രസ് പ്രതിനിധികളുടെ സ്വത്തിൽ 109 ശതമാനം വർധന രേഖപ്പെടുത്തിയുട്ടുണ്ട്. അതേസമയം, വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരുടെ സ്വത്തിൽ 140 ശതമാനം വർധന ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍